മൂന്നാം ശ്രമം വിജയിച്ചു, സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ സഞ്ചാരികളായി സുനിത വില്യംസും വില്‍മോറും
നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ ആദ്യമായി മനുഷ്യർ ബഹിരാകാശ നിലയത്തിലേക്ക്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും ജൂണ്‍ അഞ്ച് ബുധനാഴ്ച സ്റ്റാർലൈനർ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് രണ്ട് തവണ മാറ്റി വെച്ച വിക്ഷേപണം മൂന്നാം ശ്രമത്തില്‍ വിജയം കണ്ടു. ജൂണ്‍ 14 ഓടെയാണ് പേടകം ബഹിരാകാശ നിലയത്തിലെത്തുക.
യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി റോക്കറ്റില്‍ ഫ്ളോറിഡയിലെ കേപ്പ് കനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് ഇന്ത്യൻ സമയം വൈകീട്ട് എട്ട് മണിയോടെയായിരുന്നു വിക്ഷേപണം. ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഭൂമിയിലേക്ക് തിരിക്കുന്ന യാത്രികർ സ്റ്റാർലൈനർ പേടകത്തില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലിറങ്ങും.
ആദ്യം മെയ് ആറിന് വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നഎന്നാല്, വിക്ഷേപണ വാഹനത്തില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ശേഷം ജൂണ്‍ ഒന്ന് ശനിയാഴ്ച രാത്രി വിക്ഷേപണം നടത്താൻ തീരുമാനിച്ചെങ്കിലും അതും മാറ്റിവെച്ചു. സ്റ്റാർലൈനറിന്റെ മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ ദൗത്യം പൂർണ വിജയം നേടുന്നതോടെ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാൻ മറ്റൊരു പേടകം കൂടി ലഭിക്കും.