റഷ്യ- ചൈന- ഇറാൻ കൂട്ടുകെട്ടിനെ അമേരിക്കക്ക് പേടിയുണ്ട്; ഗാസയിൽ നിന്നും പലസ്തീനികൾ ഒഴിഞ്ഞ് പോകേണ്ടെന്ന് ട്രംപ്

ചൈനയുമായുള്ള തങ്ങളുടെ ബന്ധം അങ്ങേയറ്റം പ്രധാനമാണെന്നും, ചൈനയോടുള്ള എല്ലാ കടമകളും നിറവേറ്റാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും പറയുകയാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. അമേരിക്കൻ പോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്രയും നല്ല ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ബന്ധം ചൈനയുമായി ഞങ്ങൾക്ക് മുമ്പ് ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ യുക്രെയ്നിലെ യുദ്ധം വേഗത്തിൽ പരിഹരിക്കുന്നത് റഷ്യയുമായുള്ള പരസ്പര സഹകരണത്തിനുള്ള വഴികൾ തുറക്കുമെന്ന് അമേരിക്കയും കരുതുന്നുണ്ട്. അമേരിക്ക-റഷ്യൻ ബന്ധങ്ങളിൽ സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്നും, ഇരു രാജ്യങ്ങൾക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കഴിയുമെന്നും ലാവ്റോവ് പറഞ്ഞു.
പ്രധാനമായ മറ്റൊരു കാര്യം ആണവ വിഷയങ്ങളിൽ’ റഷ്യയുമായും ഇറാനുമായും ചർച്ച നടത്തുമെന്ന ചൈനയുടെ പ്രഖ്യാപനമാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരെ യോഗത്തിനായി ചൈനയിലേയ്ക്ക് അയയ്ക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടെ വിദേശകാര്യ ഉപമന്ത്രി മാ ഷാവോക്സു ഈ യോഗത്തിന് അധ്യക്ഷത വഹിക്കും.
2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയും ഇറാനും കൂടുതൽ അടുത്തിരുന്നു. ജനുവരിയിൽ ഇരു രാജ്യങ്ങളും ഒരു തന്ത്രപരമായ സഹകരണ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ചൈനയുമായും ഇരു രാജ്യങ്ങളും നല്ല ബന്ധം നിലനിർത്തിവരികയും ചെയ്യുന്നു. ആയുധ നിർമ്മാണത്തിന് ഉതകുന്ന യുറേനിയം ശേഖരം ഇറാൻ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടത്തുന്ന യോഗത്തിന് ശേഷമാണ് ഇറാൻ-റഷ്യ-ചൈന എന്നിവരുടെ മീറ്റിങ് നടക്കുന്നത്.
ആണവായുധം വികസിപ്പിക്കാനുള്ള യുറേനിയത്തിന്റെ സമ്പുഷ്ടീകരണം 60 ശതമാനം പരിശുദ്ധിയിലേക്ക് ഇറാൻ എത്തിച്ചിരിക്കുന്നു എന്ന് യുഎൻ ആണവ നിരീക്ഷണ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2015-ൽ ബ്രിട്ടൺ, ചൈന, ഫ്രാൻസ്, ജർമ്മനി, റഷ്യ, അമേരിക്ക എന്നിവരുമായി ഇറാൻ സംയുക്ത പ്രവർത്തന പദ്ധതിയിൽ ഒപ്പുവച്ചിരുന്നു, അതിന്റെ ഭാഗമായി ആണവ പദ്ധതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പകരമായി ഇറാനെതിരായ ഉപരോധങ്ങൾ നീക്കുകയു ചെയ്തു. എന്നാൽ 2018-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്ക ഈ പദ്ധതി ഉപേക്ഷിക്കുകയും അതിൽ നിന്ന് പിൻമാറുകയും ചെയ്തു.
ഇപ്പോൾ ട്രംപ് രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഇറാനെതിരെ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതും, ഇറാനിയൻ സുരക്ഷാ സേനയെ നോട്ടമിടുന്നതും ആണ് കാണുന്നത്.
അപ്പോളാണ് ഇറാനും റഷ്യയും ചൈനയും ചേർന്ന് ചർച്ചകൾ നടത്തുന്നത്. ഈ നീക്കങ്ങളെല്ലാം തന്നെ അമേരിക്കയുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതാണ്.
ലോകത്തെ ഭരിക്കാൻ തങ്ങൾ മാത്രമേയുള്ളൂ എന്ന അമേരിക്കൻ ധാർഷ്ട്യമാണ് ഇവിടെ തകർന്ന വീഴുന്നത്. ചൈനയെ ഒതുക്കാൻ അമേരിക്ക ഇനി വ്യാപാരയുദ്ധം ആയിരിക്കും നടത്താൻ പോകുന്നത്. എന്നാൽ വർധിച്ച് വരുന്ന സാമ്പത്തിക നില വെച്ചു നോക്കുബോൾ ഈ വ്യാപാര യുദ്ധത്തിൽ ചൈന ഒരിക്കലും പരാജയപ്പെടുകയുമില്ല. മാത്രമല്ല, ചൈനയുമായി ബന്ധം ശക്തമാക്കുന്ന റഷ്യ കൂടെ ഒപ്പമുള്ള സ്ഥിതിക്ക് അമേരിക്കയുടെ കളികളൊന്നും ഇനി വിലപോകില്ല. റഷ്യയുമായി ഒരു ബന്ധം സ്ഥാപിക്കാൻ ട്രംപ് വല്ലാതെ പരിശ്രമിക്കുന്നുണ്ടെങ്കിലും ട്രംപിന്റെ വാക്കിൽ ഒരിക്കലും റഷ്യ വീഴില്ല. പകരം മൗനം പാലിക്കുകയാണ് പുടിൻ ചെയ്യുന്നത്.
ഗാസയിൽ നിന്നും ഫലസ്തീനികളെ ഇറക്കി വിട്ട്, അമേരിക്ക അത് ടൂറിസ്റ്റ് കേന്ദ്രം ആക്കി മാറ്റുമെന്ന ട്രംപിന്റെ പ്രസ്താവന ഇപ്പോൾ അദ്ദേഹം തന്നെ മാറ്റി പറഞ്ഞിരിക്കുകയാണ്. ഫലസ്തീനികളെ ഒരിക്കലും ഗാസയിൽ നിന്നും ഇറക്കി വിദെല്ലെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത് . അതിന്റെ പിന്നിലും ഈ മൂന്ന് രാജ്യങ്ങൾ ഒരുമിക്കുന്നു എന്ന ഭീതി തന്നെയാണുള്ളത്. ഏതൊക്കെ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ കൂടെ നിന്നാലും, റഷ്യയുടെയും ചൈനയുടെയും ഇറാന്റെയും ഒരു സംയുക്ത മുന്നണിക്ക് തുല്യമാവില്ല അതൊന്നും.