വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരെ തുപ്പി നാറ്റിക്കുന്നവർ; റോഡുകളിൽ പാൻ ചവച്ച് തുപ്പുന്നതിനെതിരെ വ്യാപക പ്രതിഷേധം
ലണ്ടനിലെ തെരുവുകളിൽ കാണുന്ന പാൻ കറകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പരിസരം വൃത്തികേടാക്കുന്നതിന് കുടിയേറ്റ സമൂഹങ്ങളെയാണ് അവർ കുറ്റപ്പെടുത്തുന്നത്. ലണ്ടനിലെ ചവറ്റുകുട്ടകളിലും റോഡുകളിലും കാണുന്ന ചുവന്ന കറകളുടെ വീഡിയോ ഓൺലൈനിൽ വൈറലായിട്ടുണ്ട്.
ഗുഡ്കയും വെറ്റില മുറുക്കാനുള്ള ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകൾക്കും ടേക്ക് എവേ റെസ്റ്റോറന്റുകൾക്കും പുറത്ത് ഈ കറകൾ സാധാരണമായി മാറിയെന്ന് പരിസരവാസികൾ പറയുന്നു.
ഇന്ത്യയിലും മറ്റ് ഉപഭൂഖണ്ഡ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരുതരം പുകയില ഉൽപ്പന്നമാണ് ഗുഡ്ക. അടയ്ക്ക , പുകയില, മധുരപലഹാരങ്ങൾ, മറ്റ് ഐറ്റങ്ങൾ ഒക്കെ ചേർത്ത് വാണിജ്യപരമായി നിർമ്മിക്കുന്ന ഒരു മിശ്രിതമാണിത്. സാധാരണയായി ചെറിയ പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഗുഡ്ക വായിലിട്ട് ചവയ്ക്കുമ്പോൾ നേരിയ ഉത്തേജനം ലഭിക്കുന്നു എന്നാണ് ഉപയോഗിക്കുന്നവർ പറയുന്നത്.
ഇങ്ങനെ ചവച്ച പാൻ അല്ലെങ്കിൽ ഗുഡ്ക തുപ്പിയതിന്റെ ഫലമായുണ്ടാകുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള പാടുകളാണ് പാൻ കറകൾ. ഇന്ത്യയിൽ ഗുഡ്കയ്ക്കുള്ള പ്രചാരവും ലണ്ടനിൽ വലിയ തോതിൽ ഇന്ത്യൻ കുടിയേറ്റ സമൂഹം ഉള്ളതും ഈ പാൻ കറകൾക്ക് ഇന്ത്യക്കാരാണ് ഉത്തരവാദികളെന്ന് പലരും അനുമാനിക്കാൻ ഇടയാക്കി. “ഇന്ത്യക്കാർ അവരുടെ രീതിയിൽ ജീവിക്കുന്നു. ഇനി അവർക്ക്
വിസ നൽകുമ്പോൾ പല്ല് പരിശോധിക്കണം എന്നൊക്കെയാണ് അവിടുത്തുകാർ പറയുന്നത്.
യുകെയിൽ പാൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കുന്ന നിയമങ്ങളൊന്നും നിലവിലില്ല. എന്നാൽ ലണ്ടൻ തെരുവുകളിൽ ചവച്ചുതുപ്പിയ പാനിൻ്റെ കറ നീക്കം ചെയ്യാനായി അധികൃതർ ചെലവഴിക്കുന്ന തുക വളരെ വലുതാണ്. ലണ്ടനിലെ ബ്രെൻ്റിൽനിന്ന് പാനിൻ്റെ കറപിടിച്ച പാടുകൾ നീക്കം ചെയ്യാനായി ഒരു വർഷം ഏതാണ്ട് 35 ലക്ഷം രൂപ ചെലവഴിക്കുന്നു എന്നാണ് ബ്രെൻ്റ് കൗൺസിലിൻ്റെ വെളിപ്പെടുത്തൽ.
ഇതോടെ കുടിയേറ്റക്കാരുടെ തുപ്പൽ നീക്കം ചെയ്യാനും നമ്മുടെ പണം വേണമെന്ന വിമർശനവുമായി രാജ്യത്തെ തീവ്ര വലതുപക്ഷ വിഭാഗക്കാർ രംഗത്തുവന്നു. തീവ്ര വലതുപക്ഷ വിഭാഗക്കാരനായ ടോമി റോബിൻസൻ്റെ എക്സിലെ പോസ്റ്റിൽ പറയുന്നത് – “മൂന്നാം ലോകത്തെ ഇറക്കുമതി ചെയ്യുക, മൂന്നാം ലോകമാകുക, മുയലുകളെപ്പോലെ വളർത്താൻ മാത്രമല്ല, അവയുടെ തുപ്പൽ വൃത്തിയാക്കാനും നമ്മൾ പണം നൽകണം എന്നാണ്.
പൊതുസ്ഥലം പാൻ ചവച്ചുതുപ്പി മലിനമാക്കുന്നവർക്കെതിരെ 100 പൗണ്ടെങ്കിലും പിഴ ചുമത്തണമെന്നാണ് ഒരാളുടെ കമൻ്റ്. ഇത് അറപ്പുളവാക്കുന്നു എന്നാണ് മറ്റൊരു കമൻ്റ്. പോസ്റ്റിന് താഴെ, പാൻ ചവച്ചുതുപ്പുന്നവരുടെ രാജ്യം എടുത്തുപറഞ്ഞും കമൻ്റുകളുണ്ട്. ചിലർ ഇന്ത്യൻ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുമ്പോൾ മറ്റു ചിലർ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കുറ്റപ്പെടുത്തുന്നുണ്ട്.
ഇന്ത്യക്കാരൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ പറയുന്നത് ”ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എന്റെ രാജ്യത്തെ പുരുഷന്മാർക്ക് ഇത്രയും മ്ലേച്ഛമായ ശീലം ഉള്ളതിൽ ലജ്ജിക്കുന്നു” എന്നാണ്. വടക്കുപടിഞ്ഞാറൻ ലണ്ടൻ ഭാഗങ്ങളിൽ പാൻ ചവയ്ക്കുന്നത് സാധാരണമാണ്. ഇത് ചവച്ചുതുപ്പുന്നതാകട്ടെ, ടെലിഫോൺ ബോക്സുകളിലും പൂച്ചെടികളിലും ആണ്. പാൻ ചവച്ചുതുപ്പി തെരുവുകൾ വൃത്തികേടാക്കുന്നവർക്കെതിരെ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നാണ് ബ്രെൻ്റ് കൗൺസിൽ അധികൃതരുടെ മുന്നറിയിപ്പ്. പാൻ ചവച്ചുതുപ്പുന്നത് ഒരു വലിയ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടാനായി അധികൃതർ നഗരത്തിൻ്റെ പ്രധാന സ്ഥലങ്ങളിൽ ബാനറുകൾ സ്ഥാപിച്ചുകഴിഞ്ഞു. കർശന പരിശോധനയ്ക്ക് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. നിയമം ലംഘിക്കുന്നവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കാനും സാധ്യതയുണ്ട്.
പാൻ ചവയ്ക്കുന്ന ശീലം ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കാനും കൗൺസിൽ ലക്ഷ്യമിടുന്നുണ്ട്. പാൻ ചവയ്ക്കുന്ന ശീലമുള്ളവർക്ക് മുന്നറിയിപ്പുമായി യുകെയിലെ നാഷണൽ ഹെൽത്ത് സർവീസസും രംഗത്തെത്തിയിട്ടുണ്ട്. പുകയില ചവയ്ക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് എൻഎച്ച്എസ് ആരോഗ്യ വിദഗ്ധർ അറിയിപ്പും നൽകിയിട്ടുണ്ട്.













