പാനമ കനാലില്‍ ജലനിരപ്പ് താഴ്ന്നു; 200 കപ്പലുകള്‍ കുടുങ്ങി
പാനമ കനാലില്‍ ജലനിരപ്പ് താഴ്ന്നതു മൂലം ഇരുനൂറിലധികം ചരക്കുകപ്പലുകള്‍ ഇരുഭാഗത്തുമായി കുടുങ്ങിയതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ വരള്‍ച്ചയാണ് കനാലില്‍ ജലനിരപ്പു താഴാൻ കാരണം.
അമേരിക്കൻ ഭൂഖണ്ഡങ്ങള്‍ക്കിടയിലൂടെ പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാനമ കനാലിലെ പ്രതിസന്ധി ആഗോള ചരക്കുനീക്കത്തില്‍ വലിയ പ്രതിബന്ധം സൃഷ്ടിക്കുമെന്നാണു കരുതുന്നത്. ചില കപ്പലുകള്‍ മൂന്നാഴ്ചയോളമായി കാത്തുകിടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴം കുറഞ്ഞതിനാല്‍ കപ്പലുകളില്‍ കയറ്റാവുന്ന ചരക്കും പരിമിതപ്പെടുത്തേണ്ടിവരുന്നു. കനാലിലേക്കു ജലം എത്തിക്കുന്ന തടാകങ്ങളിലെ ജലനിരപ്പ് മഴക്കുറവു മൂലം താഴ്ന്ന നിലയിലാണ്.
കുറച്ചുനാളായി പാനമ വരള്‍ച്ച നേരിടുകയാണ്. ഒക്ടോബര്‍വരെ കനാലിലെ ജലനിരപ്പ് താഴ്ന്നു തന്നെ തുടരുമെന്നാണ് അറിയുന്നത്. പാനമ അധികൃതരുടെ ചില നടപടികളും ചരക്കുനീക്കം പ്രതിസന്ധിയിലാക്കുന്നതായി പറയുന്നുണ്ട്.