ഇറാനിൽ വാട്സാപ്പും ഗൂഗിള്‍ പ്ലേസ്റ്റോറും തിരിച്ചെത്തുന്നു; വിലക്ക് പിൻവലിച്ചു
ഇറാനിൽ വാട്സാപ്പും ഗൂഗിള്‍ പ്ലേസ്റ്റോറും തിരിച്ചെത്തുന്നു. വാട്സാപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയിരുന്ന നിരോധനം ഇറാൻ ഔദ്യോഗികമായി പിൻവലിച്ചതായി സർക്കാർ വാർത്താഏജൻസിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജൻസി അറിയിച്ചു.
പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരന്നു ഇന്റർനെറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നത്.വാട്സാപ്പ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ സേവനങ്ങൾ പുനരാരംഭിക്കുന്നതിനൊപ്പം പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുൻഗണന നൽകുന്ന സമീപനം തുടരുമെന്നും സർക്കാർ അറിയിച്ചു.
പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി രാജ്യത്തെ സുപ്രീം കൗൺസിൽ ഓഫ് സൈബർ സ്പേസ് നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ‘‘ഐക്യത്തോടെയും സഹകരണത്തോടെയും ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഞങ്ങൾ നടത്തി. ഇതിനായി പരിശ്രമിച്ച സർക്കാരിനും, മാധ്യമങ്ങൾക്കും മറ്റ് പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു’’ – പ്രഖ്യാപനത്തിനു ശേഷം ഇറാൻ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻസ് ടെക്നോളജി മന്ത്രി സത്താർ ഹഷെമി എക്സിൽ കുറിച്ചു.
ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി മരിച്ചതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധമാണ്, 2022-ൽ ഇറാനിൽ വാട്സാപ്പിൻ്റെയും ഗൂഗിൾ പ്ലേ സ്റ്റോറിൻ്റെയും നിരോധനത്തിന് ഇടയാക്കിയത്.