കരസേനയിൽ അഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു

കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷൻ. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അപേക്ഷ: www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10. അപേക്ഷയിൽ ആധാർ നമ്പർ നൽകണം. പരീക്ഷ 2025 ജൂണിൽ ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിനുകീഴിലുമാണ് ഉൾപ്പെടുക.