ലൈഫ് മിഷന് കേസ്; എം ശിവശങ്കറിന് ജാമ്യം
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു സുപ്രീം കോടതി 2 മാസം ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിശക്തമായി എതിര്ത്തെങ്കിലുംആരോഗ്യപ്രശ്നം കണക്കിലെടുത്ത് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണം ആശുപത്രിയില്‍ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. തനിക്ക് നട്ടെല്ലിനു ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ടെന്ന് രേഖകള്‍ പരിശോധിച്ചു കോടതി വ്യക്തമാക്കുകയും ചെയ്തു.