മദ്യക്കുപ്പിക്ക് 20 രൂപ ഡെപ്പോസിറ്റ്; അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ

മദ്യക്കുപ്പിക്ക് പകരം പണം നല്കുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ അറിയിച്ചു. തീരുമാനം 10ലേക്ക് മാറ്റിയിട്ടുണ്ട്. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുകയായ 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കില്ലെന്ന് ബെവ്കോ വ്യക്തമാക്കി. ഓണക്കച്ചവടം പരിഗണിച്ചാണ് സമയം നീട്ടിയത്. പൈലറ്റ് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മദ്യത്തിന് 10-ാം തീയതി മുതൽ 20 രൂപ കൂടുമെന്നും ബെവ്കോ അറിയിച്ചു.
മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി നശീകരണം ഉണ്ടാക്കാതിരിക്കാനാണ് തമിഴ്നാട് മോഡലിൽ പുതിയ പരീക്ഷണം. മിനറൽ വാട്ടർ കുപ്പികളും മദ്യകുപ്പിയും നാട്ടിലും തോട്ടിലും പുഴയിലും വലിച്ചെറിഞ്ഞുണ്ടായ പരിസ്ഥിതി നാശം വലുതാണ്. മിനറൽ വാട്ടർ കുപ്പി നിയന്ത്രണത്തിന് കോടതി ഇടപെട്ടു, ഇതോടെയാണ് മദ്യക്കുപ്പികളുടെ കാര്യത്തിൽ തമിഴ്നാട് മോഡൽ പരീക്ഷിക്കാൻ തീരുമാനിച്ചത്. അത് വഴി ഖജനാവിലേക്ക് പണവും കൂടുതൽ കിട്ടും.