കൊച്ചിക്ക് പുതിയ റോ റോ വരുന്നു; 15 കോടി നിർമ്മാണ ചെലവ്
സ്ഥിരമായി ഉണ്ടാകുന്ന റോ റോ തകരാര്‍ നൂറുകണക്കിന് യാത്രക്കാര്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൊച്ചിക്കായി പുതിയ റോ റോ സര്‍വിസ് ആരംഭിക്കാൻ തീരുമാനമായി. സ്മാര്‍ട്ട് സിറ്റി ഫണ്ടില്‍നിന്നാണ് കൊച്ചി കോര്പറേഷന് വേണ്ടി മൂന്നാമത് റോ റോ വെസല്‍ നിര്‍മിക്കുന്നത്.
15 കോടി രൂപ ചെലവിട്ട് കൊച്ചി കപ്പല്‍ശാല റോ റോ നിര്‍മിക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. ഇതില്‍ 10 കോടി രൂപ ഇതിനകം സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് അനുവദിച്ചു. ബാക്കി അഞ്ചുകോടി രൂപ കോര്പറേഷൻ കണ്ടെത്തും. ദിവസങ്ങള്‍ക്കു മുമ്പ് ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തിലാണ് പുതിയ റോ റോ വെസല്‍ നിര്‍മിക്കാനുള്ള തീരുമാനമായതെന്ന് മേയര്‍ വ്യക്തമാക്കി.
നിലവില്‍ രണ്ട് റോ റോ സര്‍വിസാണ് വൈപ്പിൻ-ഫോര്‍ട്ട്കൊച്ചി റൂട്ടിലുള്ളത്. ഇതില്‍ ഏതെങ്കിലും ഒന്ന് തകരാറിലായാല്‍ നിരവധി പേരാണ് യാത്രാദുരിതം അനുഭവിക്കുക. തകരാര്‍ പരിഹരിക്കാൻ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമെടുക്കുന്ന സാഹചര്യത്തില്‍ സര്‍വിസ് മുടങ്ങാതിരിക്കുകയെന്നതാണ് മൂന്നാം റോ റോയുടെ ലക്ഷ്യം. ഒരുവര്‍ഷത്തിനുള്ളില്‍ ഇതിൻറെ നിര്‍മാണം പൂര്‍ത്തിയായേക്കും.