നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക്. വിചാരണക്കോടതിയുടെ കൈവശമിരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചേര്‍ന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീല്‍ പ്രോസിക്യൂഷന് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാരണക്കോടതിക്ക് പങ്കുണ്ട് എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചത്.
Content Highlight: Actress Assault Case, Memory Card, Crime Branch, High Court