കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി; അതിജീവിത ഹൈക്കോടതിയില്‍
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നും ഹരജിയില്‍ ആവിശ്യം.
കേസിന്റെ തുടരന്വേഷണത്തില്‍ ദിലീപിന്റെ അഭിഭാഷകരെ അടക്കം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിലവില്‍ അന്വേഷണസംഘം അതില്‍നിന്ന് പിന്നാക്കം പോയി. ദിലീപിന്റെ അഭിഭാഷകരുടെ രാഷ്ട്രീയ സ്വാധീനമാണ് ഇതിനു കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നു കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്ന് അന്വേഷണത്തിന് സമയം നീട്ടിചോദിച്ചിരുന്നു.
വിചാരണാ കോടതി ജഡ്ജിക്കെതിരേയും ഹര്‍ജിയില്‍ പരാമര്‍ശം ഉണ്ട്. ജഡ്ജിക്ക് കുറ്റക്കാരെ രക്ഷിക്കാന്‍ താത്പര്യമുണ്ടെന്ന് സംശയിക്കുന്നു. കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്തം കോടതിക്കാണെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യംചെയ്യാന്‍ ഉണ്ടെന്നുകാട്ടി തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമയം നീട്ടി ചോദിച്ചിരുന്നു. മെയ് 31 വരെ സമയം നീട്ടിനല്‍കിയിരുന്നെങ്കിലും അഭിഭാഷകരെ ചോദ്യംചെയ്യാതെ പിന്മാറുകയായിരുന്നു ക്രൈംബ്രാഞ്ച്.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്നും ക്രൈംബ്രാഞ്ച് പിന്മാറി. തെളിവ് നശിപ്പിച്ചതില്‍ അഭിഭാഷകര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കാനുള്ള നീക്കത്തിലായിരുന്നു അന്വേഷണസംഘം. വിചാരണ കോടതി മാറ്റത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ല. ഇതിനു പിന്നാലെയാണ് ഹരജിയുമായി അതിജീവിത കോടതിയെ സമീപിച്ചത്.
Content Highlight: Actress Assault Case: Survivor approaches High Court.