അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച 600 കോടി രൂപയുടെ വമ്ബൻ ലോജിസ്റ്റിക്ക് പാർക്കിന്റെ തറക്കല്ലിടല്‍ 2025 ജൂലൈ 28-ന്

കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച 600 കോടി രൂപയുടെ വമ്ബൻ ലോജിസ്റ്റിക്ക് പാർക്കിന്റെ തറക്കല്ലിടല്‍ 2025 ജൂലൈ 28-ന് നടക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടി നടന്നത് . കളമശ്ശേരി സർക്കാർ മെഡിക്കല്‍ കോളേജിന് സമീപമുള്ള അദാനി ഗ്രൂപ്പിന്റെ 70 ഏക്കർ ഭൂമിയില്‍ സ്ഥാപിക്കുന്ന ഈ ലോജിസ്റ്റിക്ക് പാർക്ക് കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്ക് കേന്ദ്രമായിരിക്കും. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ ഒരുങ്ങുന്ന ഈ മെഗാ പദ്ധതി ഒരു വർഷത്തിനുള്ളില്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ദേശീയ പാത 66 ല്‍ നിന്ന് ലോജിസ്റ്റിക് പാർക്കിലേക്ക് 6 കിലോമീറ്റർ ദൂരം മാത്രമേയുള്ള എന്നതും ശ്രദ്ധേയമാണ്. കൊച്ചി വിമാനത്താവളത്തിലേക്ക് 21 കിലോമീറ്ററും റെയില്‍വേസ്റ്റേഷനിലേക്ക് 16 കിലോമീറ്ററും തുറമുഖത്തേക്ക് 26 കിലോ മീറ്ററുമാണ് ദൂരം. കാക്കാനാട് പ്രത്യേക സാമ്ബത്തിക മേഖലയും 6 കിലോ മീറ്റർ ദൂരത്തിന് അപ്പുറം സ്ഥിതി ചെയ്യുന്നു.
ലോജിസ്റ്റിക്ക് പാർക്ക് കൊച്ചിയിലെ വ്യവസായ മേഖലയ്ക്ക് വലിയ കരുത്തുപകരും. നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം, കൊച്ചി മേജർ പോർട്ട് വഴിയുള്ള ചരക്കുനീക്കവും ഗണ്യമായി വർധിക്കും. കേരളത്തിന്റെ ഏക മേജർ പോർട്ട്, മികച്ച കണക്ടിവിറ്റി, സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം, ഏറ്റവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്ന തുറമുഖം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് അദാനി ഗ്രൂപ്പ് കൊച്ചിയെ ഈ വൻ പദ്ധതിക്കായി തിരഞ്ഞെടുത്തത്.
നിർമ്മാണം ആരംഭിക്കും മുമ്ബ് തന്നെ, ലോജിസ്റ്റിക്ക് പാർക്കില്‍ സ്ഥലം അന്വേഷിച്ച് നിരവധി മുൻനിര കമ്ബനികളും എത്തിക്കഴിഞ്ഞു. ഫ്ലിപ്കാർട്ട് ഈ പാർക്കില്‍ ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ ഫ്ലിപ്കാർട്ടിന്റെ മുഴുവൻ സംഭരണ കേന്ദ്രമായി ഈ പാർക്ക് മാറും. ആമസോണിന്റെ മദർ ഹബ്ബും ഇവിടെ സ്ഥാപിക്കപ്പെടുമെന്നാണ് സൂചന. നിലവില്‍ കേരളത്തില്‍ ഫ്ലിപ്കാർട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടെ വിതരണം കൊച്ചിയിലെ അവരുടെ മദർ ഹബ്ബുകളില്‍ നിന്നാണ് നടക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ ഈ ലോജിസ്റ്റിക്ക് പാർക്ക് കൊച്ചിയെ ഒരു പ്രമുഖ വ്യവസായ കേന്ദ്രമായി ഉയർത്തിക്കാട്ടുന്നത് കൂടിയാണ്. ഈ പദ്ധതി കൊച്ചിയിലേക്ക് കൂടുതല്‍ വ്യവസായ നിക്ഷേപങ്ങള്‍ ആകർഷിക്കുന്നതിന് വഴിയൊരുക്കും. കേരളത്തിന്റെ സാമ്ബത്തിക വളർച്ചയില്‍ നിർണായക പങ്കുവഹിക്കുന്ന ഈ സംരംഭം, കൊച്ചിയെ ഒരു ലോജിസ്റ്റിക്ക് ഹബ്ബായി മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്.