വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇ പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് പിണറായി വിജയന്
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇ പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ രേഖാമൂലമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോലീസില്‍ നല്കിയ പരാതിയിലോ കോടതിയിലോ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ പി ജയരാജന് അവരെ തടയുകയായിരുന്നുവെന്നും അദ്ദേഹം രേഖാമൂലം സഭയെ അറിയിച്ചു.
യുവജന സംഘടനാ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ ഇ പിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ചെയ്ത പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ വിധത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. ഇ പി ജയരാജനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. നിയമോപദേശം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസസഭയെ അറിയിച്ചു . കേസെടുക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിനുമുള്ളത്.
സാധാരണ പൗരന് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കേസിലെ പ്രതിയായ ഫര്സീന് മജീദ് പറഞ്ഞു. പൊലീസില്‍ ഇക്കാര്യം പറഞ്ഞ് പരാതി നല്‍കിയിരുന്നു. വലിയതുറ സ്റ്റേഷനില്‍ ഇ പി ജയരാജനെതിരെ പരാതി നല്‍കിയതാണ്. ഇത് നിഷേധിക്കുന്നതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഫര്സീന് മജീദ് പറഞ്ഞു. ഇ പി ജയരാജന് തടയുകയായിരുന്നില്ല തങ്ങള്‍ക്ക് നേരെ വരികയായിരുന്നുവെന്നും ഫര്സീന് പറഞ്ഞു.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കണ്ണുരിൽ നിന്ന് വിമാനത്തിൽ കയറിയ മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തത്.
Content Highlight: Aero protest against CM, Pinarayi Vijayan, EP Jayarajan