എകെജി സെന്റര്‍ ആക്രമണം; ചുവന്ന സ്കൂട്ടറിൽ എത്തിയ ആൾ അക്രമിയല്ലെന്ന് പൊലീസ്
എ കെ ജി സെന്റര്‍ ആക്രമണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. സി സി ടി വി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
എകെജി സെൻറർ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിട്ടിട്ടും പ്രതിയിലേക്കെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. ആ വഴിയും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണ്.
സ്ഫോടക വസ്തുവെറിഞ്ഞ ആൾക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. എകെജി സെൻറിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്കും അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Content Highlight: AKG Center Attack, police, scooter,