സംരക്ഷിത വനത്തിൽക്കയറി അനധികൃതമായി വീഡിയോ ഷൂട്ട്; വനിതാ വ്ളോഗറെ അറസ്റ്റ് ചെയ്തേക്കും
കൊല്ലം പുനലൂരിലെ മാമ്പഴത്തറ റിസർവ് വനത്തിൽക്കയറി അനധികൃതമായി വീഡിയോ ചിത്രീകരിച്ച വ്ളോഗർ അമല അനുവിനെതിരെ കടുത്ത നടപടിയെടുക്കാൻ ഒരുങ്ങി വനം വകുപ്പ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും എത്താത്തിനെ തുടർന്ന് അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് വനം വകുപ്പ്. ഒളിവിൽ പോയി എന്ന് സംശയിക്കുന്ന അനുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. വനം വന്യജീവി വകുപ്പ്, കേരള ഫോറസ്റ്റ് ആക്ട് എന്നിവ പ്രകാരം വരുന്ന ഏഴ് കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മനുഷ്യർക്ക് പ്രവേശനാനുമതി ഇല്ലാത്ത മാമ്പഴത്തറ റിസർവ് വനത്തിനകത്തുകയറിയാണ് വ്ളോഗർ അമല അനു വീഡിയോ ചിത്രീകരിച്ചത്. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയിൽ ആന വിരണ്ടോടുന്നതും പിന്നീട് വ്ളോഗറെ ഓടിക്കുന്നതും ദൃശ്യത്തിൽ കാണാം. എട്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും സംഭവം കഴിഞ്ഞദിവസമാണ് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.
Content Highlight: Amala Anu Vlogger, Kerala Forest Department, Encroachment, Kerala Reserve Forest