കള്ളവോട്ട് ചെയ്യാൻ ആപ്പ് ഉണ്ടാക്കി; കോൺഗ്രസ്സുകാർ ചെയ്തത് രാജ്യദ്രോഹം??
യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മലയാളികൾക്ക് ഏറെ ചിരിക്കാനുള്ള പലതും കിട്ടിയിട്ടുണ്ട്. കൂടെ ഞെട്ടിക്കുന്ന ഒരു വാർത്തയും ഉണ്ട്. അത് രാജ്യദ്രോഹം എന്ന വകുപ്പിൽ പെടുത്താവുന്ന ഒരു കുറ്റമാണ്.
ചിരിക്കാനുള്ള വാർത്തകളിൽ ആദ്യം വരുന്നത് മണ്ഡലം പ്രസിഡന്റായി വിജയിച്ചയാളെ കാണാനില്ലന്ന പരാതിയാണ്. മലപ്പുറം കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞെടുക്കപ്പെട്ട റാഷിദ് ആരാണെന്ന് യൂത്ത് കോൺഗ്രസ്സുകാർക്ക് പോലും അറിയില്ല. 274 വോട്ട് നേടിയാണ് റാഷിദ് പ്രസിഡന്റ് ആയിരിക്കുന്നത്. വോട്ട് ചെയ്തവർക്കും അറിയില്ല ഈ റാഷിദ് ആരാണെന്ന്. ഇപ്പോൾ മണ്ഡലത്തിലെ മുഴുവൻ റാഷിദുമാരേയും തെരഞ്ഞ് പിടിച്ച്, നിങ്ങളാണോ ഞങ്ങളുടെ പ്രസിഡന്റ് എന്ന് ചോദിച്ച് അലയേണ്ട അവസ്ഥയാണ് കോൺഗ്രസുകാർക്ക്.
മറ്റൊരെണ്ണം, തിരുവല്ലത്ത് മണ്ഡലം പ്രസിഡന്റ് ആയി തെരഞെടുക്കപ്പെട്ടയാളെ അന്വേഷിച്ച് പോയപ്പോൾ അയാൾ ഇതിനിടയിൽ യുവമോർച്ചയുടെ ഏരിയ പ്രസിഡന്റ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്.
ഇയാൾ മത്സരിക്കുന്ന സമയത്ത് യൂത്ത്കോൺഗ്രസ്സ് തന്നെ ആയിരുന്നു, വോട്ടെണ്ണി റിസൽട്ട് വരുന്നതിനിടയിൽ പുള്ളി നേരേ ചെന്ന് യുവമോർച്ചയിൽ ചേർന്നു. അവര് പിടിച്ച് അയാളെ ഭാരവാഹിയും ആക്കി. ഒരു സ്ഥാനം കിട്ടിയതോടെ ഇനി തിരികെ പോകേണ്ടെന്നും പുള്ളിക്കാരൻ തീരുമാനിച്ചതായാണ് അറിയുന്നത്.
കൊല്ലത്ത് ഒരുത്തൻ ജില്ലാ സെക്രട്ടറിയായി എന്ന് സ്വന്തം ടൈംലൈനിലൂടെ നാട്ടുകാരെ അറിയിക്കുന്നു. പോരാഞ്ഞ് പുള്ളി തന്നെ അത് കലിപ്പന്റെ കാന്താരി, ആനപ്രേമികൾ, കേരളത്തിലെ ക്ഷേത്രങ്ങൾ. രഹസ്യാനുഭവങ്ങൾ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് സെൽഫ് പ്രമോഷൻ നടത്തുന്നു. അതിന് താഴെ യൂത്തു കോൺഗ്രസ്സുകാർ തന്നെ പുള്ളിയെ തെറി വിളിക്കുന്നു. മത്സരിക്കുന്നതിൽ,കൂടുതൽ വോട്ട് കിട്ടുന്നവർ പ്രസിഡന്റും ബാക്കിയുള്ളവർ എല്ലാം സെക്രട്ടറിമാരുമാകുന്ന ഈ പ്രത്യേക തരം തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മാത്രം സെക്രട്ടറിയാകാരം എന്നതാണ് സത്യം.
എറണാകുളത് ഇലക്ഷൻ ഫലം പ്രഖ്യാപിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. കാരണം ഒന്നാമത് എത്തിയ ആൾ ജയിലിലാണ്. അയൽവാസിയെ വധിക്കാൻ ശ്രമിച്ചു എന്ന ചെറിയൊരു തെറ്റാണ് പുള്ളി ചെയ്തത്. അത് കൂടാതെ മണ്ഡലം സെക്രട്ടറി സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമിച്ച കേസിലും ആൾ പ്രതിയാണ്. ഇലക്ഷനിൽ രണ്ടാമത് എത്തിയ ആൾ ഒരു വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പൈസ പിടുങ്ങിയ കേസിൽ പ്രതിയാണ്.
കോട്ടയത്ത് ചാണ്ടിഉമ്മൻ ഗ്രൂപ്പിൽ നിന്ന ഒരാൾ ജയിച്ചപ്പോൾ, ജയിച്ചയാൾ തങ്ങളുടേതാണെന്നും തങ്ങൾക്ക് വിട്ടു തരണമെന്നും ആവശ്യപ്പെട്ട് നിരവധി ഗ്രൂപ്പുകൾ തമ്മിൽ വലിയ തർക്കമാണ് നടന്നത്. ഇതിനിടയിൽ ഇത് തങ്ങളുടെ കക്ഷിയാണെന്ന് അവകാശപെട്ട് തിരുവഞ്ചൂർ ഗ്രൂപ്പും രംഗത്ത് എത്തിയിരുന്നു.ഈ ഗ്രൂപ്പുകാരെല്ലാം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേകം ഗ്രൂപ്പ് തിരിഞ്ഞ് ആദരാഞ്ജലികൾ അർപ്പിക്കലും നടന്നിരുന്നു.
ഈ തെരഞ്ഞെടുപ്പിൽ നടന്ന ഗൗരവതരമായ ഒരു കുറ്റം കൂടിയുണ്ട്. വെറും പ്രഹസനമായ ഈ ഇലക്ഷന് വേണ്ടി ആയിരക്കണക്കിന് ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയൽ കാർഡുകൾ ആണ് കോൺഗ്രസ്സ് അടിച്ചിറക്കിയത്. വ്യാജ ഇലക്ഷൻ ഐഡി ഉണ്ടാക്കുന്ന ഒരു ആപ്പും ഇവർ കണ്ടുപിടിച്ചിരുന്നു. ഈ വിഷയത്തിൽ എഐസിസിക്ക് ചില തോറ്റ കോൺഗ്രസ്സുകാർ പരാതിയും നൽകിയിട്ടുണ്ട്, അതും വ്യാജ ആപ്പ് സഹിതം. രാഹുൽ ഗാന്ധിയുടെയോ, പ്രിയങ്കാ ഗാന്ധിയുടെയോ ഇലക്ഷൻ ഐഡി വരെ ഈ ആപ്പിൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് ഒരു പ്രമുഖ ചാനൽ ഇന്നലെ തെളിവ് സഹിതം കാണിച്ചിരുന്നു.
എന്തായാലും ഗ്രൂപ്പ് കളിച്ച് തമ്മിൽ തല്ലി, എല്ലാവരെയും പിടിച്ച് സെക്രട്ടറി ആക്കുന്ന കോമാളിത്തരം പോലെയാവില്ല ഇലക്ഷൻ കാർഡിന്റെ പ്രശ്നം. ഒരു രാജ്യത്തിന്റെ ഭരണസംവിധാനം വരെ തകർക്കാൻ പ്രാപ്തമായ ഒന്നാണ് ഇത്തരം വ്യാജ ആപ്പുകൾ. അതുകൊണ്ട് ഈ ആപ്പിന്റെ വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് ആപ്പിലാവും എന്ന കാര്യം തീർച്ചയാണ്.