ഫ്ളാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ലഹരിവസ്തുക്കള്‍; ഒരു പ്രതിയുടെ കൂടി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
അങ്കമാലി കരയാംപറമ്പ് ഫെഡറല്‍ സിറ്റി ടവര്‍ ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസില്‍ ഒരു പ്രതിയുടെ കൂടി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. എരൂര്‍ തൈക്കാട് അമ്പലത്തിന് സമീപം പാലയ്ക്കല്‍ വീട്ടില്‍ അതുലിന്റെ (20) അക്കൗണ്ടാണ് മരവിപ്പിച്ചത്. മയക്കുമരുന്ന് വില്‍പ്പനയിലുടെ സമ്പാദിച്ച സ്വത്താണ് അക്കൗണ്ടിലെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടപടി സ്വീകരിച്ചത്.
രണ്ടു ബാങ്കുകളിലായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയായിരുന്നു അതുലിന്റെ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടി രുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഞ്ചാവും ഹാഷിഷ് ഓയിലും മറ്റു പ്രതികളില്‍ നിന്നും വാങ്ങി വില്പന നടത്തിയിരുന്നത് അതുലാണ്. ആലുവ ഡിവൈഎസ്പിപി കെ ശിവന്‍കുട്ടി, അങ്കമാലി ഇന്‍സ്പെക്ടര്‍ സോണി മത്തായി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.