മരുന്ന് മാറി നല്കിയതു മൂലം വയോധിക മരിച്ചെന്ന് ആരോപണം; തങ്കം ആശുപത്രിക്കെതിരെ മറ്റൊരു കുടുംബം കൂടി രംഗത്ത്
പാലക്കാട് തങ്കം ആശുപത്രിയ്ക്ക് എതിരെ വീണ്ടും ഗുരുതര ആരോപണം. മരുന്ന് മാറി നല്കിയതു മൂലം വയോധിക മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ആലത്തൂര്‍ പഴമ്പാലക്കോട് സ്വദേശി സാവിത്രിയാണ് മരിച്ചത്. സംഭവത്തില്‍ പരാതി നല്കി ഒരു വര്‍ഷം പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും കുടുംബം അറിയിച്ചു. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വയോധികയ്ക്ക് ക്യാന്‍സറിനുള്ള മരുന്ന് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ മരിച്ചുവെന്നുമാണ് പരാതി.
2021 ഫെബ്രുവരി 5നാണ് നടുവേദനയെ തുടര്‍ന്ന് സാവിത്രിയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നു മാറി നല്‍കിയതിനെത്തുടര്‍ന്ന് ശരീരം മുഴുവന്‍ പുണ്ണ് വന്ന് അത്യാസന്ന നിലയിലായി. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയപ്പോളാണ് സാവിത്രിക്ക് നല്‍കിയത് ക്യാന്‍സര്‍ മരുന്നാണെന്ന് വ്യക്തമായത്.
സംഭവത്തില്‍ കേസുമായി മുന്നോട്ട് പോയപ്പോള്‍ തങ്കം ആശുപത്രി അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും മരിച്ച സാവിത്രിയുടെ ഭര്‍ത്താവ് മോഹനന് പറഞ്ഞു. പ്രസവത്തോടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിന് പിന്നാലെ തങ്കം ആശുപത്രിയില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ പറഞ്ഞ് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.
Content Highlight: woman, died , medicine, Another family, case,Thangam Hospital