സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ആങ്ങമൂഴിയില്‍ ഓട്ടോ തകര്‍ത്തു
ആങ്ങമൂഴി ചതുപ്പിന് സമീപം കാട്ടാന ആക്രണം. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ ദമ്പതികളും, വീട്ടുമുറ്റത്ത് നിന്ന സ്ത്രീയും, ബൈക്ക് യാത്രികനും രക്ഷപ്പെട്ടത് തലനാരിഴക്ക്. അക്രമാസക്തനായ ആന റബര്‍ തൊഴിലാളിയുടെ ഓട്ടോ തകര്‍ത്തു.
ആങ്ങമുഴി സ്വദേശിയായ ലീലാമ്മ, ഷാജി, കോട്ടമണ്‍പാറ കളിയിക്കമലയില് കെ.പി മധു, മധുവിന്റെ ഭാര്യ ഉഷ, എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 8:30- നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ലീലാമ്മയുടെ നേര്‍ക്ക് ആന ഓടിയടുക്കുകയായിരുന്നു. ആനയെ കണ്ട് ഓടുന്നതിനിടെ ഇവര്‍ വീണു. അയല്‍വാസിയായ ഉണ്ണിയാണ് പിന്നീട് ലീലാമ്മയുടെ രക്ഷയ്ക്ക് എത്തിയത്. ഇയാള്‍ ലീലാമ്മയെ വീട്ടിനുള്ളിലേക്ക് മാറ്റുകയായിരുന്നു.
വീണ്ടും ചതുപ്പ് റോഡിലേക്ക് പോയ ആന ബൈക്കില്‍ പോകുകയായിരുന്ന ഷാജിക്കു നേരെ തിരിഞ്ഞെങ്കിലും ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ ഓടിയതിനാല്‍ രക്ഷപ്പെടാൻ കഴിഞ്ഞു. തുടര്‍ന്ന് ആന റബര്‍ തോട്ടത്തിലേക്ക് പോകുകയായിരുന്നു. ആനയുടെ ചിഹ്നം വിളികേട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് ആന ടാപ്പിംഗ് തൊഴിലാളികളായ ദമ്പതികളുടെ നേര്‍ക്ക് വരുന്നത് കണ്ടത്. പെട്ടെന്ന് സമീപത്തെ പുരയിടത്തിലേക്ക് ഓടി കയറിയതു കൊണ്ട് ജീവഹാനി സംഭവിച്ചില്ലെന്ന് ദമ്പതികള്‍ പറഞ്ഞു. മുന്നിൽ കണ്ട ഒരു ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടതിനു ശേഷം സമീപത്തെ തോട്ടത്തില്‍ ആന നിലയുറപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് ആദ്യമായിട്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തിയാണ് ആനയെ കാടുകയറ്റിയത്.