സുരേഷ്ഗോപി സാർ ഒരു വാക്ക് പറഞ്ഞാൽ മതി, മറിയക്കുട്ടി റെഡിയാണ്; അടിമാലി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിക്കാനൊരുങ്ങി മറിയക്കുട്ടി
പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ, ചട്ടിയും പിടിച്ച് ഭിക്ഷയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി ഈ വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചന.
അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതാക്കള്‍ ഈ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘പാര്‍ട്ടി എന്നോട് മത്സരിക്കാന്‍ പറയുന്നുണ്ട്. തീരുമാനമായില്ല. നിലവില്‍ പ്രായത്തിന്റേതായ ചില ആരോഗ്യ ക്കുറവല്ലാതെ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. മത്സരിക്കുന്നതിൽ അന്തിമ തീരുമാനം ഉടന്‍ എടുക്കും. ബിജെപി നേതൃത്വം പറയുന്നത് പോലെ ചെയ്യും. സുരേഷ് ഗോപി പറയുന്നത് പോലെ ഞാൻ ചെയ്യും.
10 വര്‍ഷമായി ഒരാള്‍ ഇവിടെ ഭരിക്കുന്നു. ഇതുവരെ പാവങ്ങള്‍ക്ക് ഒരു മൊട്ടുസൂചിയുടെ ഗുണം അയാൾ ചെയ്തിട്ടില്ല. പഞ്ചായത്തിന്റെ കെട്ടിടങ്ങളെല്ലാം അവരുടെ ബന്ധുക്കളാണ് കൈകാര്യം ചെയ്യുന്നത് എന്നും മറിയക്കുട്ടി പറഞ്ഞു.
താന്‍ മത്സരിക്കുകയാണെങ്കില്‍ പാവങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുമെന്നാണ് മറിയക്കുട്ടി വാഗ്ദാനം ചെയ്യുന്നത്. പാവങ്ങളെ തിരിച്ചറിയണം. അവരെ കാണണം. എന്തൊക്കെ വന്നാലും അവരെ പോയി അന്വേഷിക്കണമെന്നും അതാണ് മുഖ്യമെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു. പണക്കാരെയല്ല, പാവപ്പെട്ടവരെയാണ് നമ്മൾ നോക്കേണ്ടതെന്നും മറിയക്കുട്ടി പറഞ്ഞു.
ഈ വര്‍ഷം മെയിലാണ് മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്.
ചട്ടിയിൽ ഭിക്ഷ എടുത്ത സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ നല്‍കാത്ത പെന്ഷന് മറിയക്കുട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ വിവിധ സമരവേദികളിലും മറിയക്കുട്ടി പങ്കെടുത്തിരുന്നു. അതിന് പിന്നാലെ കെപിസിസി മറിയക്കുട്ടിക്ക് ഒരു വീട് നിര്‍മിച്ച് നല്കി. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് നേരിട്ടെത്തിയായിരുന്നു മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.
എന്നാൽ പിന്നീട് മറിയക്കുട്ടി കളം മാറ്റി ചവിട്ടാൻ തുടങ്ങി. നാട്ടുകാർ തനിക്കായി തന്ന പൈസ കോൺഗ്രസ് അടിച്ചുമാറ്റിയെന്നും, ഇത്തരം നാണം കെട്ടവരുടെ കൂടെ പോകാൻ സൗകര്യം ഇല്ലെന്നും മറിയക്കുട്ടി പറഞ്ഞു. കോൺഗ്രസും സിപിഎമ്മും എന്നെ വഞ്ചിച്ചു. താൻ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുടുംബം ഒന്നായി ബിജെപിക്കൊപ്പം പ്രവർത്തിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.
ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ കടുത്ത വിർശനങ്ങളാണ് മറിയക്കുട്ടി ഉന്നയിച്ചത്. വീട് വെച്ച് കൊടുത്ത കോൺഗ്രസുകാർക്ക് അതോടെ ഒന്നും പറയാനില്ലാത്ത അവസ്ഥയായി.
കെ.പി.സി.സി 650 സ്ക്വയർ ഫീറ്റ് ഉള്ള വീടാണ് മറിയക്കുട്ടിക്ക് നിർമിച്ചു നൽകിയത്. പുതിയ വീട് ലഭിച്ചതിൽ സന്തോഷമുണ്ട്. ഇതിലും വലിയൊരു വീട് എനിക്ക് കിട്ടുവാൻ ഇല്ല. കഴിഞ്ഞ മഴക്കാലത്ത് വെള്ളത്തിലാണ് കിടന്നത്. ഇനി അതിന്റെ ആവശ്യമില്ല എന്നാണ് അന്ന് മറിയക്കുട്ടി പറഞ്ഞത്.
കൂടാതെ , അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് വരെ മറിയക്കുട്ടി പറഞ്ഞിരുന്നു. അടിമാലിയിൽ വെച്ച് മാധ്യമ പ്രവർത്തകരോടാണ് മറിയക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാണ് അടുത്ത ലക്ഷ്യം എന്നും, അതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും മറിയക്കുട്ടി പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ്സിനെ തള്ളിക്കൊണ്ട് പിന്നീട് മറിയക്കുട്ടി ബിജെപിയിലേക്ക് പോകുകയായിരുന്നു.
പിന്നീട് മറിയക്കുട്ടിക്ക് റേഷനരി നിഷേധിച്ചെന്ന് ഒരു പരാതിയുമുണ്ടായിരുന്നു. അടിമാലി എആര്‍ഡി 117 –ാം നമ്പര്‍ കടയില്‍ റേഷന്‍ വാങ്ങാനെത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയില്‍ പോയി അരി മേടിക്കാൻ പറഞ്ഞുവെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്നാണ് മറിയക്കുട്ടിക്ക് ഈ ദുരനുഭവമുണ്ടായത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫിസർക്കും മറിയക്കുട്ടി പരാതി നൽകിയിരുന്നു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് റേഷന്‍ വിതരണക്കാരനും രംഗത്ത് വന്നിരുന്നു. നെറ്റ് വര്‍ക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് മറിയക്കുട്ടി തിരികെ പോയത്. അല്ലാതെ രാഷ്ട്രീയം കലര്‍ത്തിയുള്ള സംഭാഷണങ്ങള്‍ ഒന്നും അവിടെ ഉണ്ടായിട്ടില്ല. ബിജെപിക്കാരുടെ കടയില്‍ പോകാന്‍ താൻ പറഞ്ഞിട്ടില്ലെന്നും റേഷന്‍കട ജീവനക്കാരന് പറഞ്ഞിരുന്നു.
കേന്ദ്ര സഹ മന്ത്രി സുരേഷ്ഗോപി സാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നാണ് പറയാനുള്ളത്. അങ്ങനെ മറിയക്കുട്ടി ബിജെപിക്ക് വേണ്ടി അടിമാലിയിൽ മത്സരിക്കാനും ഇറങ്ങണം. മറിയക്കുട്ടി ജയിച്ച് പഞ്ചായത്ത് മെമ്പർ ആയാൽ, ഇടയ്ക്കിടെ സുരേഷ് ഗോപി അവരെ ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കുകയും വേണം. താൻ ബിജെപിയുടെ പഞ്ചായത്ത് മെമ്പർ ആണെന്ന കാര്യം ഇടയ്ക്കിടെ അവർക്ക് പറഞ്ഞു കൊടുക്കണം. അല്ലെങ്കിൽ അവർ ബിജെപിയെ കുറ്റം പറഞ്ഞു കൊണ്ട്, കേരളാ കോൺഗ്രസ്സിലോ, അല്ലെങ്കിൽ മുസ്ലിം ലീഗിലോ ഒക്കെ പോയി ചേരാനും സാധ്യതയുണ്ട്.













