പക്ഷിപ്പനി ബാധ: നിരണം സര്‍ക്കാര്‍ ഫാമില്‍ താറാവുകളെ കൊന്നു
നിരണം സർക്കാർ താറാവ് ഫാമില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താറാവ് കർഷകർ ആശങ്കയില്‍. രോഗം ബാധിച്ച താറാവുകളെ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ സേനാംഗങ്ങളെത്തി കൂട്ടമായി കൊന്നു.
ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊല്ലാൻ ഇന്നലെ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി ഇൻഫെക്ടഡ് സോണായും പത്തുകിലോമീറ്റർ ചുറ്റളവ് സർവൈവല്‍ സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന പക്ഷികളെയാണു കൊല്ലുന്നത്. താറാവും കോഴിയും അടക്കമുള്ള കാല്‍ലക്ഷത്തിലേറെ പക്ഷികളെ കൊല്ലാനാണ് തീരുമാനം.
സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിൻറെ ഏക താറാവു വളർത്തല്‍ കേന്ദ്രമാണ് നിരണത്ത് സ്ഥിതി ചെയ്യുന്നത്. നാലായിരത്തിലേറെ താറാവുകളാണ് ഇവിടെയുണ്ടായിരുന്നത്. ഒരാഴ്ച മുമ്ബ് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പക്ഷിപ്പനി സംശയിച്ച്, ചത്ത താറാവുകളുടെ സാംപിളുകള്‍ ഭോപ്പാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട് എത്തിയത്. അതോടെയാണ് രോഗബാധ പടരുന്നതു തടയാൻ താറാവുകളെ കൊല്ലാൻ തീരുമാനിച്ചത്.