കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; വീഡിയോ
കോഴിക്കോട് മാവൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. മാവൂര്‍ കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഭീമുകളാണ് തകര്‍ന്നു വീണത്. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു നിര്മാണത്തിലിരുന്നത്. ഇതില്‍, മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകള്‍ക്കു മുകളിലെ ഭീമുകളാണ് ഇടിഞ്ഞു വീണത്. രാവിലെ ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം.
രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി ഏറെകുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ഇന്ന് രാവിലെ പാലത്തിന്റെ ഭീമുകള്‍ തകര്‍ന്നത്. 2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും മലപ്പുറം ജില്ലയുടെ ഭാഗത്ത് ചാലിയാര്‍ പുഴയിലും പാലത്തിന്റെ കാലുകള്‍ക്കുവേണ്ടിയുള്ള പൈലിങ് നടത്തി ഐലന്റ് സ്ഥാപിച്ചിരുന്നു. നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കവെ കാലവര്‍ഷത്തിന്റെ കുത്തൊഴുക്കില്‍ പുഴയിലെ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് പാലത്തിന്റെ ഭീമുകള്‍ തകര്‍ന്നു വീണത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെക്കുറിച്ച് പരിശോധനകള്‍ തുടരുകയാണ്. നാലു ദിവസം മുമ്പാണ് തകര്‍ന്നതിന്റെ മറുഭാഗത്ത് ബീമുകള്‍ സ്ഥാപിച്ചത്.
Content Highlight: Bridge under construction at Mavoor, Kozhikode collapsed.