വിദ്യാർത്ഥികളെ അപമാനിക്കുന്ന സംസ്കാരമില്ലാത്ത ബസ് ജീവനക്കാർ; കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്, നിൻറെയൊന്നും ഔദാര്യമല്ല

നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് പ്രൈവറ്റ് ബസുകളിലെ സ്കൂൾ കുട്ടികളുടെ യാത്ര. തങ്ങൾക്ക് അർഹതയുള്ള കണ്‍സെഷന്റെ പേരില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകളില്‍ നേരിടുന്ന അവഹേളനങ്ങളില് തൃശൂര്‍ ജില്ലാ കളക്ടറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ട് തിരക്കഥാകൃത്തായ പി.എസ്. റഫീഖ്. രംഗത്ത് വന്നു.
‘ബഹുമാനപ്പെട്ട ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സർ അറിയുന്നതിന്, ഒരുപാട് കുട്ടികൾക്കു വേണ്ടി ഒരു കുട്ടിയുടെ രക്ഷിതാവിന്റെ സങ്കട ഹർജി’ എന്ന പേരില്‍ ഫേസ്ബുക്കിലാണ് റഫീഖിന്റെ കുറിപ്പ്. കൊടുങ്ങല്ലൂരില്‍നിന്ന് തൃശൂര്‍ വരെ ദിവസവും പോയി പഠിക്കുന്ന തൻറെ മകളുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ടാണ് റഫീഖ് ഈ വിഷയം കളക്ടറുടെ മുന്നിലേക്ക് എത്തിക്കുന്നത്.
അദ്ദേഹം ആ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ നോക്കാം. എന്റെ മകൾ തൊണ്ണൂറ് ശതമാനം മാർക്കോടെ പ്ലസ് ടു വിജയിക്കുകയും അവൾക്ക് തൃശൂരിലെ ഒരു പ്രമുഖ കോളേജിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ കൊടുങ്ങല്ലൂരിലാണ് താമസിക്കുന്നത്. ഭാരിച്ച ഫീസിൻറെ ഒപ്പം ഹോസ്റ്റലിൽ നിർത്താനുള്ള സാമ്പത്തിക പിൻബലം ഇല്ലാത്ത കൊണ്ട് ദിവസവും പോയി വരികയാണ്. രാവിലെ 8.45 ന് കോളേജിലെത്തണം, അതിനായി ആറു മണിയോടു കൂടി വീട്ടിൽ നിന്നിറങ്ങി ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തി ഏഴ് മണിക്കുള്ള ബസ്സ് പിടിക്കണം.
എന്റെ മകളടക്കമുള്ള നിരവധി വിദ്യാർത്ഥികൾ ബസ്സു ജീവനക്കാരാൽ അപമാനിക്കപ്പെടുകയാണ്. വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്നത് ഒരു രൂപയാണല്ലോ. എന്നാൽ രണ്ടു മുതൽ അഞ്ചു രൂപ വരെ എല്ലാ വിദ്യാർത്ഥികളും കൊടുക്കുന്നുണ്ട്. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ വരെ യാത്ര ചെയ്യുന്നതിനാൽ എന്റെ മകളടക്കമുള്ള കുട്ടികൾ പത്തു രൂപ നല്‍കേണ്ടി വരുന്നുണ്ട്. അത് കൊടുക്കുന്നതിൽ ഒരു വൈമനസ്യവും കാണിക്കാറില്ല. ലിമിറ്റഡ് സ്റ്റോപ്പുകളിൽ കൺസഷൻ ഇല്ല എന്ന അലിഖിത നിയമം നില നില്ക്കുന്നതിനാൽ ലോക്കൽ ബസ്സുകളിലാണ് കുട്ടികൾ കയറുന്നത്.
പ്രശ്നമെന്താണെന്ന് വച്ചാൽ പത്തു രൂപയ്ക്ക് തൃശൂർ വരെ യാത്ര ചെയ്യാൻ പറ്റില്ല എന്ന നിരന്തര ഭീഷണി ഈ കുഞ്ഞുങ്ങൾ നേരിടുകയാണ്. മാന്യരായ ബസ്സ് ജീവനക്കാർ ഉണ്ടെന്നിരിക്കെ, ബസ്സുകളിൽ കുറെയെണ്ണത്തിലെങ്കിലും ഗുണ്ടകളുടെ ഭരണമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മറ്റു യാത്രക്കാരുടെ മുമ്പിൽ വച്ച് അപമാനിക്കുക. ബസ്സിൽ നിന്ന് ഇറക്കി വിടുക, അസഭ്യം പറയുക തുടങ്ങി നിരവധി പീഡനങ്ങൾ എന്റെ മകളടക്കമുള്ള കുഞ്ഞുങ്ങൾ നേരിടുന്നുണ്ട്. മുഴുവൻ ചാർജോ, അതിൽ പകുതിയോ ദിവസവും കൊടുത്ത് പോയി. വരാൻ നിവൃത്തിയുള്ള കുട്ടികളല്ല എന്റെ മകളടക്കമുള്ള പല കുട്ടികളുമെന്ന് അന്വേഷണത്തിൽ താങ്കൾക്ക് ബോധ്യപ്പെടുന്നതാണ്.
മാന്യമായി വിദ്യാഭ്യാസം നേടാൻ ധനികനും ദരിദ്രനും ഈ നാട്ടിൽ ഒരു പോലെ അവകാശമുണ്ടെന്നിരിക്കെ ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്. കഷ്ടപ്പെട്ട് പഠിച്ച്ഉന്നതിയിലെത്തിയ താങ്കൾക്ക് ഒരു പിതാവിന്റെ സംഘർഷവും ഒരു വിദ്യാർത്ഥിയുടെ വേദനയും പൂർണമായി മനസ്സിലാകുമെന്ന് വിശ്വാസമുണ്ട്. അതുകൊണ്ട് നീതിപൂർവ്വമായി ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു എന്നാണ് റഫീഖ് പോസ്റ്റിൽ പറയുന്നത്. ഈ പോസ്റ്റ് ഷെയർ ചെയ്ത് സഹായിക്കണമെന്ന് എല്ലാവരോടും പറയുന്നുമുണ്ട്.
സ്കൂൾ വിദ്യാർത്ഥികളുടെ കൺസഷൻ എന്നത് പ്രൈവറ്റ് ബസ്സുകാരുടെ ഔദാര്യമല്ല. അത് ചട്ടപ്പടി സർക്കാർ അനുവദിച്ച് കൊടുക്കുന്നതാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തോടൊപ്പം തന്നെ, അതിനായുള്ള യാത്രയിൽ പ്രത്യേക നിരക്കിനും അവകാശമുണ്ട്. ഈ നാടിന്റെ നാളത്തെ വാഗ്ദാനങ്ങളാണ് പഠിക്കാൻ പോകുന്ന കുട്ടികൾ. ഇ പ്രൈവറ്റ് ബസ്സിൽ പണിയെടുക്കുന്ന ഗുണ്ടാ സ്വഭാവമുള്ള പലർക്കും ഒന്നുകിൽ വിദ്യാഭ്യാസം ഉണ്ടാകില്ല, അല്ലെങ്കിൽ അതിന്റെ മഹത്വം അറിയില്ല. അല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരാകും കുട്ടികളുടെ നേരെ അതിക്രമം കാട്ടുന്നത്.
ബസ് ജീവനക്കാർ 80 ളെയും 90 ളെയും വിദ്യാർത്ഥി സമരങ്ങൾ കണ്ടിട്ടുണ്ടോ? ഇപ്പോളും ഇവിടെ നല്ല ഉശിരുള്ള വിദ്യാർത്ഥി സംഘടനകൾ ഉണ്ട്. അവരുടെ സമരം താങ്ങാനുള്ള കെൽപ്പ് ഈ പ്രൈവറ്റ് ബസ്സുകൾക്ക് ഇല്ല താനും. കൂടിവന്നാൽ ബസ്സുകൾ ഓടിക്കാതെ പണിമുടക്കും. അതിൽ കൂടുതൽ ഒന്നും നടക്കില്ല.
ആളുകളുടെ മുന്നിൽ വെച്ച് അപമാനിക്കുന്നത് എത്രയോ മോശപ്പെട്ട കാര്യമാണെന്ന് ഈ ബസ്സിലെ പണിക്കർക്ക് മനസിലാകുന്നില്ല. അത് അല്പം അഭിമാനം ഉള്ളവർക്ക് മാത്രം മനസിലാകുന്ന കാര്യമാണ്.