ഹൃദ്രോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു
പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ശ്രീ ചിത്ര തിരുന്നാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ.
എം.എസ്. വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകമെമ്ബാടും അറിയപ്പെട്ടിരുന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു ഡോ. വല്യത്താൻ. മണിപ്പാല്‍ വാഴ്സിറ്റിയുടെ ആദ്യ വി.സി. ആയിരുന്നു.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. അന്താരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകള്‍ക്ക് ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളില്‍ നിന്ന് 2009-ല്‍ ഡോ. സാമുവല്‍ പി. ആസ്പർ ഇൻ്റർനാഷണല്‍ അവാർഡ് ലഭിച്ചു.
ഇന്ത്യൻ നാഷണല്‍ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡൻ്റും ഇന്ത്യാ ഗവണ്മെൻ്റിൻ്റെ നാഷണല്‍ റിസർച്ച് പ്രൊഫസറുമായിരുന്നു. ജോർജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഫാക്കല്‍റ്റിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ശ്രീ ചിത്ര തിരുന്നാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. തുടർന്ന് 1994 ല്‍ മണിപ്പാല്‍ സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായി.
മാവേലിക്കര സ്വദേശിയാണ്. പത്നി: അഷിമ. മന്നാ, മനീഷ് എന്നിവരാണ് മക്കള്‍.