രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന കേന്ദ്ര സഹമന്ത്രി; രാഷ്ട്രീയ എതിരാളികളെ ‘ഊളകൾ’ എന്ന് വിളിക്കുന്ന സുരേഷ്ഗോപിയെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നത്. എന്നാൽ അത് വിജയതിലകം ആണോയെന്ന് അദ്ദേഹം പറയുന്നുമില്ല. തിലകം എന്നാൽ പൊട്ട്, തൊടുകുറി, അലങ്കാരമായ ഒന്ന് ഇതൊക്കെയാണ് അർഥം. മിക്കവാറും ബിജെപിക്കാർ ഈ തിലകം ചാർത്താറുമുണ്ട്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിൽ തോറ്റപ്പോളും നേതാക്കളും അണികളുമൊക്കെ നെറ്റിയിൽ പതിവുള്ള തിലകം ചാർത്തിയിരുന്നു.
ഈയിടെ സിനിമയിൽ നിന്നും മാറി പൊതുസമൂഹത്തിലേക്ക് ഇറങ്ങിയതോടെ സ്വന്തമായി ഡയലോഗുകൾ കണ്ടെത്തി അത് പറയേണ്ട അവസ്ഥയിലാണ് അദ്ദേഹം. സിനിമയിലാണെങ്കിൽ വല്ലവനും എഴുതികൊടുക്കുന്ന ഡയലോഗുകൾ കാണാപ്പാഠം പഠിച്ച് തട്ടിവിട്ടാൽ മതിയായിരുന്നു. ഇവിടെ അത് പറ്റാത്തത് കൊണ്ട് പലപ്പോളും സുരേഷ്ഗോപി സാർ പറയുന്ന വാക്കുകളും വാചകങ്ങളും അല്പമൊക്കെ പിഴക്കാറും ഉണ്ട്. അതിലൊന്നാകണം ഈ വെറും തിലകം.
വികസനം ഉയർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. അടിസ്ഥാന വികസനത്തിന് വേണ്ട ഡിസൈൻ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ ഭരണത്തിലൂടെ മാത്രമാണ് സാധ്യമാവുകയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടെ സുരേഷ് ഗോപി പറയുന്നു. ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നാണ് സുരേഷ് ഗോപിയുടെ മറ്റൊരു ഡയലോഗ്.
വോട്ട് ചെയ്യാൻ രാവിലെ 6.35ന് സുരേഷ് ഗോപിയും കുടുംബവും എത്തി. വോട്ട് ചെയ്ത ശേഷം പാർലമെന്റിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോയി. തിരുവനന്തപുരത്തെ ശാസ്തമംഗലം എൻഎസ്എസ് സ്കൂളിലാണ് തൃശൂർ എംപി വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലേക്ക് വോട്ട് മാറ്റിയെങ്കിലും ഇപ്പോൾ സുരേഷ് ഗോപി, വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്.
ഒരു സാധാരണ സിനിമാനടനിൽനിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇനിയും താണ്ടിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത് ഈ കഴിഞ്ഞ ദിവസമാണ്. സിനിമാനടന്റെ ഹാങ്ങോവറിൽനിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വിമർശനം. എന്നാൽ, ഇപ്പോൾ അതിന്റെ അതിരും കടന്ന് രാഷ്ട്രീയമായി പിച്ചുംപേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയെന്നും ശിവൻകുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയ എതിരാളികളെ ‘ഊളകൾ’ എന്നൊക്കെയാണല്ലോ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. ഒരു പൊതുപ്രവർത്തകന്, അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക്, ഒരു കേന്ദ്ര മന്ത്രിക്ക് ചേരുന്ന ഭാഷയാണോ ഇത്? ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാർത്ഥ സംസ്കാരം കൂടിയാണ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്.
അതുപോലെതന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത. തിരുവനന്തപുരത്ത് ഏഴോ എട്ടോ സീറ്റുകൾ എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, ഇവിടെ എത്ര ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോർപ്പറേഷനിൽ എത്ര വാർഡുകൾ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാളാണ് ജനങ്ങളെ നയിക്കാൻ വരുന്നത് എന്നത് ലജ്ജാവഹമാണ്.
ഇതിനൊക്കെ പുറമെയാണ് തനിക്ക് കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. സ്വന്തം കഴിവില്ലായ്മ തിരിച്ചറിഞ്ഞ് അത് തിരുത്തുന്നതിന് പകരം, മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഒരു പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണത്.
ഇപ്പോൾ നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങൾ, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ.
നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് രാഷ്ട്രീയ വിക്രിയകളിൽ കൂടി ആണെന്ന സുരേഷ് ഗോപിയുടെ വാദം നേമത്തെ വോട്ടർമാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ തീരുമാനത്തെ ‘വിക്രിയ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരും. രാഷ്ട്രീയ എതിരാളികളെ ഊളകൾ എന്നാണ് ഒരു എംപി, ഒരു മന്ത്രി അഭിസംബോധന ചെയ്യുന്നത്. അദ്ദേഹത്തിന് മാന്യത ഉണ്ടെങ്കിൽ ആ പ്രസ്താവന പിൻവലിക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.













