ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കേസ്; ധര്‍മൂസ് ഫിഷ് ഹബിന്റെ പേരില്‍ പണം തട്ടി എന്ന് പരാതി
ചലച്ചിത്ര താരം ധർമജൻ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ധർമൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരിൽ 43 ലക്ഷം രൂപയിൽ അധികം തട്ടിയെടുത്തു എന്നാണ് പരാതി. മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടിൽ ആലിയാർ എന്നയാളാണ് ധർമജൻ ബോൾഗാട്ടിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ധർമജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ധർമജൻ ഉള്‍പ്പടെ 11 പേർക്കെതിരെയാണ് കേസ്.
പരാതിക്കാരൻ ആദ്യം പൊലീസിനെ സമീപിച്ചുവെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് എറണാകുളം സിജെഎം കോടതിയെ സമീപിച്ച ശേഷമാണ് കേസെടുത്തത്. അമേരിക്കൻ കമ്പനിയില്‍ ഡാറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ആവശ്യാർഥം സുഹൃത്തുക്കൾ വഴി ധർമജനെ പരിചപ്പെടുകയായിരുന്നു. തുടർന്ന് കോതമംഗലത്ത് ധർമൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി ആരംഭിക്കാൻ പദ്ധതിയിട്ടു. ആദ്യ ഗഡുവായി പതിനായിരം രൂപയും തുടർന്ന് വിവിധ ഘട്ടങ്ങളിലായി 43,30,000 രൂപയോളം കൈപറ്റുകയായിരുന്നു എന്നും കേസിൽ പറയുന്നു. തുക മുഴുവൻ കൈമാറിയത് ബാങ്ക് വഴിയാണെന്നും ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു.
മൂവാറ്റുപുഴയിൽ തുടങ്ങിയ ധർമൂസ് ഫിഷ് ഹബ് ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് പ്രവർത്തനം നിർത്തിവെച്ചു. സ്ഥാപനം നിർത്തിയതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് പരാതിക്കാരന് ഉണ്ടായതെന്നും ഫ്രാഞ്ചൈസിയുടെ കരാർ ഒപ്പിടാതെ കോപ്പി നൽകി കബളിപ്പിച്ചുവെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതി സംബന്ധിച്ച് മൊഴിയെടുക്കുന്നതിനായി ധർമജനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും അദ്ദേഹം ഹാജരായില്ല. സ്വാധീനം ഉപയോഗിച്ച് കേസെടുക്കാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിയെന്ന് പരാതിക്കാരൻ പറയുന്നു.
Content Highlight: Cheating case against actor Dharmajan Bolgatty.