തീരദേശ സംരക്ഷണം സർക്കാറിന്റെ മുഖ്യപരിഗണനാ വിഷയമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവന്റെയും , ജീവനോപാധികളുടെയും സംരക്ഷണത്തിന് ആവുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെല്ലാനത്ത 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെല്ലാനം പഞ്ചായത്തിലെ 10 കിലോമീറ്റര്‍ ദൂരം വരുന്ന കടല്‍ഭിത്തിയുടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനരുദ്ധാരണവും ബസാറിലും, കണ്ണമാലിയിലും, പുലിമുട്ടുശൃംഖലകളുടെ നിര്‍മ്മാണവുമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.രണ്ടു ഘട്ടമായാണ് പദ്ധതി പൂർത്തീകരിക്കുക. ആദ്യഘട്ടത്തില്‍ 256 കോടി രൂപ അടങ്കല്‍ വരുന്ന 7.35 കിലോമീറ്റര്‍ ദൂരം കടല്‍ഭിത്തിയുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്.
കടലാക്രമണം രൂക്ഷമായ കമ്പനിപ്പടി, ബസാര്‍, ചാളക്കടവ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. 20 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായി.16 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ചെല്ലാനം ഫിഷിങ് ഹാര്‍ബറിനടുത്തുനിന്ന് തുടങ്ങി വടക്ക് പുത്തന്‍തോടു ബീച്ച് വരെയാണ്.
സംസ്ഥാനത്ത് ആദ്യമായാണ് ടെട്രാ പോഡുകൾ ഉപയോഗിച്ചുളള തീരസംരക്ഷണ നിർമ്മാണ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. എല്ലാ മഴക്കാലത്തും കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശമാണ് ചെല്ലാനം. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിന് ചെല്ലാനത്തെ തെരഞ്ഞെടുത്തത്.
ഇതുവരെ മുപ്പത്തിനായിരത്തില്‍ അധികം ടെട്രാപോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. സമുദ്ര നിരപ്പില്‍ നിന്നും 6.10 മീറ്റര്‍ ഉയരത്തിലാണ് കടല്‍ ഭിത്തിയുടെ നിര്‍മ്മാണം. ഇതിനു മുകളിലായി 3 മീറ്റര്‍ വീതിയില്‍ ഒരു നടപ്പാതയും ലക്ഷ്യമിടുന്നു. ഇത് ചെല്ലാനത്തിന്റെ ടൂറിസം സാധ്യത വർധിപ്പിക്കും.
വികസനത്തിന്റെ ഗുണഫലങ്ങൾ പരമാവധി മേഖലയ്ക്കു ഗുണം ചെയ്യണമെന്നാണ് സർക്കാർ നയം. സമഗ്ര പദ്ധതികൾ നടപ്പാക്കുന്നത് അതിന്റെ ഭാഗമായി ആണെന്നും ഈ സർക്കാരിന്റെ ആദ്യ രണ്ടു നൂറുദിന കർമ്മ പരിപാടികളിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനർഗേഹം പദ്ധതി വഴി 1247 വീടുകൾ നിർമ്മിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനായിരുന്നു അധ്യക്ഷൻ.
Content Highlights : cm on costal area development