കണ്ണൂരിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കരിങ്കൊടി ഉയർത്തിയ പ്രവർത്തകർ കസ്റ്റഡിയിൽ, സുരക്ഷയൊരുക്കി എഴുന്നൂറോളം പൊലീസുകാർ
ഔദ്യോഗിക പരിപാടികൾക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്ക് കനത്തസുരക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ പരിപാടികൾ നടന്നസ്ഥലങ്ങളിലെല്ലാം കനത്തസുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയത്.
തളിപ്പറമ്പിനും കുറുമാത്തൂരിനുമിടയിൽ ഒൻപതിനും പന്ത്രണ്ടിനും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് നഗരം മുതൽ കിലയുടെ പരിപാടി നടക്കുന്ന കരമ്പം ഫാം വരെയാണ് പൊലീസ് നിയന്ത്രണത്തിലുള്ളത്
കണ്ണൂർ ഗസ്റ്റ്ഹൗസിലായിരുന്നു മുഖ്യമന്ത്രി താമസിച്ചത്. രാവിലെ മുതൽ തന്നെ ഇവിടെ കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. മുപ്പത് പേരുള്ള സംഘമാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗം. ബർണശേരിയിൽ കെ എസ് യു പ്രവർത്തൻ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കറുത്ത ബാഗ് കാണിച്ചു. ഇയാളെ പൊലീസുകാർ വണ്ടിയിലേക്ക് കയറ്റി. പിന്നാലെയെത്തിയ സി പി എം പ്രവർത്തകർ പൊലീസ് വണ്ടിയിൽ വെച്ച് ഇയാളെ മർദിച്ചു.
കരിമ്പത്ത് കില തളിപ്പറമ്പ് കാമ്പസിൽ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ ഉത്ഘാടനത്തിനാണ് മുഖ്യമന്ത്രി കണ്ണൂരിൽ എത്തിയത്. കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിയുടെ സഞ്ചാര പാതയിൽ ഒരുക്കിയിരിക്കുന്നത്. എഴുന്നോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലക്കായുള്ളത്. തളിപ്പറമ്പ് നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് പഴുതടച്ച സുരക്ഷയാണ് കണ്ണൂരിൽ പൊലീസ് ഏർപ്പെടുത്തിയത്. എട്ട് ഡി വൈ എസ് പിക്കാണ് സുരക്ഷയുടെ ചുമതല.
Content Highlights: CM security Kannur Black-flag Protest