തൃശൂര്‍-കുന്നംകുളം റോഡിന്റെ അവസ്ഥ നേരിട്ടു കാണാൻ 40 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് കലക്ടര്‍
തകർന്ന് യാത്ര ദുർഘടമായ, വാർത്തകളില്‍ നിറയുന്ന തൃശൂർ-കുന്നംകുളം റോഡിന്റെ അവസ്ഥ കാണാൻ 40 കിലോമീറ്റർ സൈക്കിളില്‍ സഞ്ചരിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ.
അയ്യന്തോള്‍ സിവില്‍ സ്റ്റേഷൻ മുതല്‍ ചൂണ്ടല്‍ വരെയും തിരിച്ചുമാണ് അദ്ദേഹം സൈക്കിള്‍ സവാരി നടത്തിയത്.
യാത്രയില്‍ തൃശൂർ-കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കൂടിയായിരുന്നു കലക്ടറുടെ സൈക്കിള്‍ യാത്ര. കിരണ്‍ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്സ് ക്ലബിൻ്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്ബുങ്ങല് എന്നിവരുടെ നേതൃത്വത്തില്‍ 20ഓളം ക്ലബ് അംഗങ്ങള്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ എന്നിവർ കലക്ടർക്കൊപ്പം സൈക്കിള്‍ യാത്രയില്‍ പങ്കെടുത്തു.