കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; ചെന്നിത്തല പുറത്തുതന്നെ
പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ് പദവിയും നഷ്ടമായ രമേശ് ചെന്നിത്തല ഇക്കുറിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് മാത്രമായി ഒതുങ്ങി. ശശി തരൂരിനെ ഉള്‍പ്പെടുത്തിയതും ചെന്നിത്തലയെ തഴഞ്ഞതും സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ കലാപങ്ങള്‍ക്ക് വഴിതുറക്കും. മൂപ്പിളമ തര്‍ക്കവും രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെയുണ്ടായ ഒഴിവില്‍ തന്നെ പരിഗണിക്കുമെന്ന് ചെന്നിത്തല ഉറച്ച് വിശ്വസിച്ചിരുന്നു. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും അഖിലേന്ത്യ നേതൃത്വവുമായുള്ള അടുപ്പവും തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രവര്‍ത്തക സമിതിയുടെ വാതില്‍ തനിക്കുനേരെ കൊട്ടിയടച്ചതില്‍ കടുത്ത രോഷത്തിലാണ് ചെന്നിത്തല. 19 വര്‍ഷമായി സ്ഥിരം ക്ഷണിതാവായ തന്നെ ഉള്‍പ്പെടുത്താത്തതിലുള്ള നീരസം ചെന്നിത്തല നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ‘ഒന്നും പറയാനില്ല’ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
കെ സി വേണുഗോപാലിന്റെ ഇടപെടലാണ് ഇക്കുറി വിനയായതെന്നാണ് ചെന്നിത്തലയുമായി അടുത്തുനില്ക്കുന്നവര് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് വേണുഗോപാല്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനുള്ള പദ്ധതിയും വേണുഗോപാലിനുണ്ട്. ചെന്നിത്തലയെ തഴഞ്ഞതിനുള്ള കാരണം മറ്റൊന്നല്ലെന്ന വിലയിരുത്തലുകളുമുണ്ട്. 2004 മുതല്‍ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവായ ചെന്നിത്തലയ്ക്ക് അര്‍ഹമായ അംഗീകാരം നല്കേണ്ടിയിരുന്നെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുമുണ്ട്