സ്വപ്നയുടെ മൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സരിത.
സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ തന്നെ കുറിച്ചും പരാമർശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അതിന്റെ വിശദാംശങ്ങൾ അറിയാൻ അവകാശമുണ്ടെന്നായിരുന്നു സരിതയുടെ ഹർജിയിൽ പറയുന്നത്. സ്വപ്നയുടെ മൊഴി വേണമെന്ന് നേരത്തെ ക്രൈം ബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു. ഇതും പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഗൂഢാലോചന കേസിലെ അന്വേഷണത്തിന് രഹസ്യമൊഴി വേണമെന്നും മൊഴിയുടെ വിശദവിവരങ്ങൾ അറിഞ്ഞാലേ തുടർന്നുള്ള അന്വേഷണം സുഗമമായി മുന്നോട്ട് പോവുകയുള്ളൂ എന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം.
എന്നാൽ സ്വപ്നയുടെ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിനോ മറ്റ് അന്വേഷണ ഏജൻസിക്കോ നൽകരുത് എന്ന് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. മൊഴിയുടെ വിശദാംശങ്ങൾ അറിഞ്ഞാൽ അത് സ്വപ്നയുടെ ജീവന് തന്നെ ഭീഷണിയാവാൻ സാധ്യതയുണ്ടെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
Content Highlights : court reject Saritha S Nair’s demand for Swapna Suresh’s statement