രണ്ട് പ്രമുഖരുടെ ജാമ്യക്കേസിൽ കോടതികൾ ഇന്ന് വിധി പറയും; ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലും, സ്വർണ്ണം കട്ട കേസിൽ തന്ത്രി രാജീവരും
അടുത്തിടെ കേരളത്തിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച രണ്ടു കേസിലെ പ്രതികളുടെ ജാമ്യഅപേക്ഷ ഇന്നാണ് കോടതി പരിഗണിക്കുന്നത്. ശബരിമല സ്വർണക്കൊള്ള ക്കേസിൽ ജയിലിൽ കിടക്കുന്ന തന്ത്രി കണ്ഠരര് രാജീവരർക്ക് ഇന്ന് നിർണായകമാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. തന്നെ മനഃപൂർവം കേസിൽ കുടുക്കിയെന്നാണ് ഹർജിയിൽ തന്ത്രിയുടെ വാദം.
എന്നാൽ കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി പറയുന്നത്.
തന്ത്രിയുടെ കൈയക്ഷരം പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയിരുന്നു. ദ്വാരപാലക പാളികൾ പോറ്റിക്ക് കൊടുത്തുവിടാൻ അനുജ്ഞ നൽകിയതിലാണ് പരിശോധന. തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നൽകിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടൻ സാമ്പിൾ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
അതേസമയം, ഇതേ കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം. നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
എന്നാൽ ഇത്തരത്തിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. കുറ്റപത്രം നൽകാൻ വൈകുന്നത് കൊണ്ട് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നു. ഇത് ഗുരുതരമായ വിഷയമാണ്. ഇങ്ങനെയായാൽ പൊതുജനങ്ങൾക്ക് സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു.
ഇന്ന് ജാമ്യത്തിനായി കാത്തിരിക്കുന്ന മറ്റൊരാൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആണ്. മൂന്നാം ബലാൽസംഗ കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. അതിജീവിതയുടേത് എന്ന പേരിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെയാണ് ശനിയാഴ്ച തീരുമാനിച്ച വിധി പ്രഖ്യാപനം ജില്ലാ ജഡ്ജി എൻ ഹരികുമാർ നീട്ടിവച്ചത്.
രാഹുലിനെ 14 ദിവസത്തേക്കുകൂടി തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ആദ്യ റിമാൻഡ് കാലാവധി ശനിയാഴ്ച പൂർത്തിയായതോടെ എസ്ഐടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്.
വിദേശത്ത് സ്ഥിരതാമസമായ കോട്ടയം സ്വദേശിനിയെ ബലാത്സംഗംചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലായിട്ട് രണ്ടാഴ്ച പിന്നിട്ടു. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. തുടർന്ന് സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെയും ജാമ്യഹർജിയിൽ വാദം കേട്ടപ്പോൾ പ്രതിഭാഗത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.
അന്വേഷണവുമായി മാങ്കൂട്ടത്തിൽ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. വിദേശത്ത് സ്ഥിരതാമസമായ കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ 11നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലാവുന്നത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരുടെ ജീവന് ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
രണ്ടു വ്യത്യസ്ത കേസുകളിലായി രണ്ടു പ്രമുഖരാണ് നിയമത്തിന്റെ കാരുണ്യത്തിനായി ഇന്ന് കാത്ത് നിൽക്കുന്നത്. ഒരു രാഷ്ട്രീയക്കാരൻ അധഃപതിക്കുന്നതിന്റെ അങ്ങേയറ്റം അധഃപതിച്ച ആളാണ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളവരെ കൃത്യമായി ടാർഗറ്റ് ചെയ്ത് ലൈംഗിക പീഡനം നടത്തുകയും, പിന്നീട് അതിലും ക്രൂരമായി ഗർഭ ചിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഒരു ജനപ്രതിനിധി കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല.
കള്ളന്മാരുടെ കൂടെ കൂടിയും അല്ലാതെയും അയ്യപ്പൻറെ സ്വർണ്ണം കട്ട താഴമൺ തന്ത്രി കുടുംബത്തിലെ കണ്ഠരര് രാജീവരുടെ അവസ്ഥ അതിലും പരിതാപകരമാണ്. ഭക്തിയുടെ പേരിൽ കോടികൾ ഉണ്ടാക്കിയിട്ടും, വീണ്ടും ആർത്തി മൂത്ത്, സ്വന്തം ആരാധനാ മൂർത്തിയുടെ സ്വർണം മോഷ്ടിക്കുക എന്ന നികൃഷ്ടമായ നിലയിലേക്ക് അദ്ദെഅഹം എത്തി നിൽക്കുകയാണ്. ഇനി ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും കേസിൽ വിജയിച്ചാലും തന്ത്രിയും രാഹുലും ഒക്കെ മുഖം മൂടി അഴിച്ച് മാറ്റപ്പെട്ട രണ്ടു പേരാണ്. എളുപ്പത്തിൽ ഒരു തിരിച്ച് വരവ് ഇല്ലാത്ത, അഗാധമായ ഗർത്തത്തിലേക്കാണ് രണ്ടുപേരും വീണിരിക്കുന്നത്.












