നടിയെ ആക്രമിച്ച കേസില്‍ സമയം നീട്ടിചോദിക്കാന്‍ ക്രൈംബ്രാഞ്ച്; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ സമയം നീട്ടിചോദിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് അതിജീവിത കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നടിയുടെ ഹര്‍ജിയുടെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിലപാട്.
അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കഴിഞ്ഞദിവസം പിന്മാറിയിരുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനേയും വിചാരണക്കോടതി ജഡ്ജിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹര്‍ജി. നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അതിജീവിത കോടതിയെ സമീപിച്ചത്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യംചെയ്യാണമെന്നു കാട്ടിയായിരുന്നു തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമയം നീട്ടി ചോദിച്ചിരുന്നു. മെയ് 31 വരെ സമയം നീട്ടി നല്‍കിയിരുന്നെങ്കിലും അഭിഭാഷകരെ ചോദ്യംചെയ്യാതെ പിന്മാറുകയായിരുന്നു ക്രൈംബ്രാഞ്ച്.
Content Highlight: Investigation team ask for time to file chargesheet in actress assault case.