അര്‍ജുനെ തേടിയുള്ള ദൗത്യത്തില്‍ നാളെ നിര്‍ണായക തീരുമാനം; കുടുംബത്തെ അറിയിച്ച് കളക്ടര്‍
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം പുനഃരാരംഭിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.
ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം അർജുന്റെ കുടുംബത്തെ അറിയിച്ചത്. നിലവില്‍ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലെങ്കിലും ആയാല്‍ മാത്രമേ തെരച്ചില്‍ പുനഃരാരംഭിക്കാൻ കഴിയൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം.
കാർവാറില്‍ നിന്നുള്ള നാവിക സേനാംഗങ്ങള്‍ ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ദൗത്യം പുനഃരാരംഭിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെടാൻ ഇന്ന് എംകെ രാഘവൻ എംപിയുമായി അർജുന്റെ ബന്ധുക്കള്‍ കൂടിക്കാഴ്ച നടത്തും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എ കെ എം അഷ്റഫ് എം എല്‍ എ ഇന്നലെ പറഞ്ഞിരുന്നു. അർജുന്റെ വീട്ടിലെത്തി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ മുഖ്യമന്ത്രിയുടെ കത്ത് കെെമാറിയിരുന്നു.