കുത്തിവെപ്പിനെ തുടർന്ന് കുട്ടി മരിച്ചെന്ന പരാതിയിൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ശിശുക്ഷേമ സമിതി
കോഴിക്കോട് നാദാപുരത്ത് കുത്തിവപ്പിനെ തുടർന്ന് 11 വയസുകാരൻ മരിച്ചെന്ന പരാതിയിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി. ഇക്കാര്യം ആവശ്യപ്പെട്ട് ശിശു ക്ഷേമ സമിതി ചെയർമാൻ ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്ത് നൽകി.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് പതിനൊന്നു വയസുകാരൻ തേജ് ദേവ് മരിക്കുന്നത്. കോഴിക്കോട് നാദാപുരത്തെ ന്യൂക്ലിയസ് ക്ലിനിക്കിൽ നിന്ന് കുത്തിവെപ്പ് എടുത്തതിനു ശേഷം കുട്ടിക്ക് ദേഹാസ്വാസ്ദ്യം അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയും ചെയ്തു എന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്.
ചികിത്സ പിഴവെന്ന കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഡി എം ഓ തലത്തിൽ അന്വേഷണവും നടന്നു. അന്വേഷണത്തിൽ ക്ലിനിക്കിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
ഈ വിഷയത്തിൽ ജില്ലാ ശിശുക്ഷേമ സമിതി, ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് റിപ്പോർട്ട് തേടിയിരിന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയ അന്വേഷണം വേണമെന്ന് CWC ആവശ്യപ്പെടുന്നത്.
Content Highlights: CWC Demand Forensic repot on Child death