നെയ്യാറ്റിൻകര ഗോപൻെറ മരണം; ആഴത്തിലുള്ള മുറിവില്ല, പോസ്റ്റ്മോർട്ടം പകർപ്പ് പുറത്ത്

നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
നെയ്യാറ്റിൻക ഗോപന്റെ ആന്തരികാവയവങ്ങള്‍ അഴുകിയ നിലയിയായിരുന്നുവെന്നും തലയിലും ചെവിക്ക് പിന്നിലും ചതവുണ്ടെന്നും എന്നാൽ, ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും ചെറുകുടൽ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്നുംറിപ്പോര്‍ട്ടിൽ പറയുന്നു.
ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭസ്മം ഉള്‍പ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞിരുന്നത്. ഇതിന്റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്.