കൽപറ്റയിലെ ആക്രമണം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും
കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിഷയത്തിൽ എസ്എഫ്ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്.
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അക്രമത്തോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾ അതിക്രമത്തിലേക്ക് കടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.