ഡോ ശഹനയുടെ മരണം: റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
ഡോ ശഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഡോ ശഹനയെ താമസിക്കുന്ന ഹോസ്റ്റലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. റുവൈസ് വിവാഹത്തില്‍ നിന്നും പിന്മാറിയതിലുള്ള മനോവിഷമത്തിലാണ് മരിക്കുന്നതെന്ന് ശഹന എഴുതിയിരുന്ന കുറിപ്പില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.
അവസാന നിമിഷമാണ് ഡോ റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ശഹനയുടെ വീട്ടിലേക്കും ശഹനയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പെടെ ചര്‍ച നടത്തിയിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല് മരിക്കുന്നുവെന്ന് കാണിച്ച് ഡോ ശഹന കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഡോ റുവൈസിന് വാട്സ് ആപ് സന്ദേശം അയക്കുന്നത്.
ഇക്കാര്യം അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ ഒമ്ബതുമണിയോടെ റുവൈസ് ശഹനയുടെ നമ്ബര്‍ ബ്ലോക് ചെയ്യുകയായിരുന്നു. ഇത് ശഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അറസ്റ്റിലാകുന്നതിന് മുമ്ബ് ശഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമിഷണറുടെ ചോദ്യം ചെയ്യലില്‍ ശഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ശഹനയുടെ മൊബൈലില്‍ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍ റുവൈസിന്റെ പിതാവ് സംഭവത്തിനുശേഷം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.