പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ചമഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസ്: പ്രധാന പ്രതി അറസ്റ്റിൽ
വയനാട് പുൽപ്പള്ളിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ദീപക് പി ചന്ദാണ് അറസ്റ്റിലായത്. പ്രതിയെ ഉച്ചയോടെ ബത്തേരി കോടതിയിൽ ഹാജരാക്കും.
സമാന സ്വഭാവമുള്ള മറ്റൊരു കേസിൽ കൊട്ടാരക്കര ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പുൽപ്പള്ളി പോലീസ് വയനാട്ടിലെത്തിക്കുകയായിരുന്നു. മറ്റുരണ്ട് പ്രതികളായ എആർ രാജേഷ്, പി പ്രവീൺ എന്നിവരെ നേരത്തെ പ്രത്യേക അന്വേഷണ സംഘം കൊല്ലത്തെയും തിരുവനന്തപുരത്തെയും ഇവരുടെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ രണ്ടാമനായ എം ഗിരീഷിനെ ഇനിയും പിടികൂടാനായിട്ടില്ല.
2021 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുൽപ്പള്ളി ചെതലത്ത് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനും സഹായികളും എന്ന പേരിലായിരുന്നു ജൂലൈ 25 മുതൽ 29 വരെ സംഘം താമസിച്ചിരുന്നത്. സൗജന്യ താമസവും പുറമെ ഭക്ഷണവും വാഹനവും ഇവർക്കായി വനപാലകർ എത്തിച്ചു നൽകിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പോലീസ് നടത്തിയ പരിശോധനയിൽ കബളിപ്പിക്കൽ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തും മുന്നേ സംഘം സ്ഥലം വിടുകയും ചെയ്തു.
പിടിയിലായ എആർ രാജേഷ്, പി പ്രവീൺ എന്നിവരടക്കമുള്ളവർ ദീപക് ചന്ദിന്റെ തൊഴിൽ തട്ടിപ്പ് സംഘത്തിൽപ്പെട്ടതാണെന്ന സംശയത്തിലായിരുന്നു അന്നും പോലീസ്. പട്ടാളത്തിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്തുകയായിരുന്നു ഇവരെന്നായിരുന്നു അന്ന് പോലീസ് കണ്ടെത്തിയത്. ദീപക് ചന്ദിന് വേണ്ടി മാസങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല.
Content Highlight: Duping forest officers posing as PMO Officials: Main accused arrested