AKG സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ പി ജയരാജന്റെ ചെറിയബുദ്ധി: കെ സുധാകരന്
AKG സെന്റർ ആക്രമണത്തിന് പിന്നില്‍ ഇ പി ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശയിക്കുന്നു. സി പി എമ്മിനുള്ളില്‍ തന്നെ ജയരാജനെതിരേ പലർക്കും അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ജയരാജന് പ്രതിയാകുമെന്നും സുധാകരന് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയാവുന്നത് ഇ പി ജയരാജന് മാത്രമാണ്. അപ്പോൾ പ്രതികളെ പിടിക്കണമെങ്കിൾ കേസിൽ അദ്ദേഹം പ്രതിയായാലല്ലേ പറ്റൂ എന്നും കെ സുധാകരൻ ചോദിച്ചു. മറ്റ് പ്രതികളെ പിടിക്കാന്‍ പോലീസുകാര്‍ക്ക് തെളിവില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജയരാജന്റെ ക്രിയേഷനാണിത്. വിമാനത്തിലുണ്ടായ സംഭവത്തിന്റെ ഡിറ്റോയാണത്. ജയരാജന് ഇപ്പോള്‍ ആ കേസില്‍ പ്രതിയല്ലെങ്കിലും ഇന്ന് അല്ലെങ്കില്‍ നാളെ അദ്ദേഹം ഒരു പ്രതിയാകും. ഒരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ തലയില്‍ ഉണ്ട കൊണ്ടുനടന്ന കഥയറിയില്ലേ? എത്രവര്‍ഷമാണ് ആ ഉണ്ടയും കൊണ്ട് നടന്നത് പാവം. ഇപ്പോഴാണ് ആ ഉണ്ട പോയത്. ഇപ്പോള്‍ ആ ഉണ്ട ദ്രവിച്ചു പോയി എന്നും സുധാകരൻ പരഹസിച്ചു.
ജയരാജനാണ് എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയടക്കം വിശ്വസിക്കുന്നെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരന് പറഞ്ഞത് സി പി എമ്മിനകത്തുള്ള പല നേതാക്കളും പരസ്പരം സംസാരിക്കുന്നത് ആക്രമണം ജയരാജന് ഉണ്ടാക്കിയത് എന്നുതന്നെയാണ്. ഈ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരില്ല. കോൺഗ്രസുകാർ ആക്രമിച്ചാൽ ആക്രമിച്ചതു പോലെയിരിക്കുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Content Highlight: AKG Centre Attack, EP Jayarajan, K Sudhakaran, CPIM, Congress