വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി
ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കണം.
പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സംഘാടകരായ ഗാലാ ഡി കൊച്ചി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇപ്പോൾ ഈ നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുവത്സരാഘോഷത്തിൽ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കും. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനത്തും, ഗാലാ ഡി കൊച്ചിയുടെ നേതൃത്വത്തിൽ വേളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കും. ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഗാല ഡി കൊച്ചി പാപ്പാഞ്ഞിയെ നിർമ്മിച്ചത്.