കൊച്ചി മെട്രോയിൽ എസ്എൻ ജംക്ഷനിലെത്താൻ അധിക ചാർജുണ്ടാകില്ല; ആലുവയിൽ നിന്നും ടിക്കറ്റ് 60 രൂപ മാത്രം
എസ്എൻ ജംക്ഷൻ വരെ സർവീസ് നീടുമ്പോഴും കൊച്ചി മെട്രോ ചാർജ് വർധിപ്പിക്കുന്നില്ല. ആലുവ മുതൽ എസ്എൻ ജംക്ഷൻ വരെയുള്ള യാത്ര ചെയ്യാനും 60 രൂപ തന്നെ മതിയാകും. ആലുവ മുതൽ പേട്ട വരെയുള്ള നിലവിലെ ടിക്കറ്റ് നിരക്ക് 60 രൂപയാണ്.
ഈ മാസം പകുതിയോടെ നീടിയ പാത കമ്മിഷൻ ചെയ്യുന്നതോടെ മെട്രോ ലൈനിന്റെ ദൈർഘ്യം 26.8 കിലോമീറ്റർ ആകും. വടക്കേക്കോട്ട, എസ്എൻ ജംക്ഷൻ എന്നീ സ്റ്റേഷനുകളും അധികമായി വരുന്നതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.
അതേസമയം, കൊച്ചി മെട്രോയുടെ പേട്ട –എസ്എൻ ജംക്ഷൻ ലൈനിൽ ട്രെയിൻ ഓടിച്ചുള്ള പരിശോധന പൂർത്തിയായി.1 .8 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ ബെയറിങ്, പിയർ പരിശോധനകൾ പൂർത്തിയാക്കി. പരിശോധനാ വിവരങ്ങളുടെ ഏകോപനം ഇന്നു നടക്കും. വടക്കേകോട്ട, എസ്എൻ ജംക്ഷൻ സ്റ്റേഷനുകളിലെ എസ്കലേറ്റർ, സിഗ്നലിങ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ തുടങ്ങിയവ വ്യാഴാഴ്ച പരിശോധിച്ചിരുന്നു.
ഫയർ സേഫ്റ്റി ഉപകരണങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂമിലെ സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവയും പരിശോധിച്ചു.മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണർ അഭയ് കുമാർ റായുടെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മിഷണർ നിഥിഷ് കുമാർ രഞ്ജൻ, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഇ.ശ്രീനിവാസ്,എം.എൻ അതാനി, സീനിയർ ടെക്നിക്കൽ ഇൻസ്പെക്ടർ എൻ.ജി പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾ നടത്തുന്നത്.കെ.എം.ആർ.എൽ ഡയറക്ടർ സിസ്റ്റംസ് ഡി.കെ സിൻഹയുടെ നേതൃത്വത്തിലുള്ള കൊച്ചി മെട്രോയുടെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
കൊച്ചി മെട്രോ സർവീസ് തുടങ്ങിയിട്ട് 5 വർഷവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) രൂപീകരിച്ചിട്ട് 10 വർഷവും പൂർത്തിയാകുകയാണ്. മെട്രോ സർവീസ് ഉദ്ഘാടനം ചെയ്തതിന്റെ അഞ്ചാം വാർഷികമായ ജൂൺ 17 നു യാത്രക്കാർക്ക് 5 രൂപ ടിക്കറ്റ്. എത്ര ദൂരം വേണമെങ്കിലും 5 രൂപ ടിക്കറ്റിൽ യാത്രചെയ്യാം. ഓഫർ ഒരു യാത്രയ്ക്കു മാത്രം. മെട്രോ കാർഡ് ഉള്ളവർ അന്നു കൗണ്ടർ ടിക്കറ്റ് എടുത്താൽ ഈ ഇളവു കിട്ടും.