നെടുമ്പാശ്ശേരിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍
നെടുമ്പാശ്ശേരിയില്‍ ബാറില്‍ ആക്രമണം നടത്തി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മറ്റൂര്‍ പിരാരൂര്‍ മനയ്ക്കപ്പടി പുത്തന്‍ കുടി വീട്ടില്‍ ശരത് ഗോപി (25), കാഞ്ഞൂര്‍ ചെങ്ങല്‍ ഭാഗത്ത് വടയപ്പാടത്ത് വീട്ടില്‍ റിന്‍ഷാദ് (24), കോടനാട് ആലാട്ട്ചിറ സെന്റ്.മേരീസ് സ്കൂളിന് സമീപം ഇലഞ്ഞിക്കമാലില്‍ വീട്ടില്‍ ബേസില്‍ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം.
മദ്യപിച്ച ശേഷം പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബാര്‍ ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ മുതലുകള്‍ നശിപ്പിക്കുകയും ചെയ്തു. ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക പോലീസ് ടീം രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലയാറ്റൂര്‍ ഭാഗത്ത് നിന്നും സാഹസികമായാണ് ഇവരെ പിടികൂടിയത്.
വിവിധ സ്റ്റേഷനുകളില്‍ വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ശരത് ഗോപി.ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐ മാരായ അനീഷ് കെ ദാസ്, എല്‍ദോസ്, എ.എസ്.ഐ മാരായ ഉബൈദ്, അഭിലാഷ്, സീനിയര്‍ സിവല്‍ പോലീസ് ഓഫിസര്‍മാരായ റോണി അഗസ്റ്റിന്, എന്‍.ജി. ജിസ്മോന്, റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്