പതിനാറ് കോടി ചെലവാക്കിയതിനെയാണ് ധൂര്‍ത്തെന്ന് വിളിച്ചത്; യൂസഫലിയുടെ പരാമര്‍ശത്തിന് സതീശന്റെ മറുപടി
യൂസഫലി ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. പതിനാറ് കോടി ചെലവാക്കി ലോക കേരളസഭ സംഘടിപ്പിച്ചതിനെയാണ് ധൂര്‍ത്തെന്ന് വിളിച്ചതെന്ന് സതീശന് പറഞ്ഞു. എല്ലാത്തിനും പ്രോഗ്രസ് റിപ്പോര്‍ട്ടുള്ള മുഖ്യമന്ത്രിക്ക് ഇതില്‍ മാത്രം പ്രോഗ്രസ് റിപ്പോര്‍ട്ട് ഇല്ലാത്തതിനെയാണ് എതിര്‍ത്തത്. അല്ലാതെ പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ലെന്നും സതീശന് വ്യക്തമാക്കി.
പ്രവാസികള്‍ ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നാണ് യൂസഫലി പറഞ്ഞത്. ഗള്‍ഫില്‍ വരുമ്പോള്‍ കൊണ്ടുനടക്കുന്നത് പ്രവാസികളാണ്. സ്വന്തമായി ടിക്കറ്റ് എടുത്തു വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂര്‍ത്തെന്നും പ്രവാസികളെ വിഷമിപ്പിക്കരുതെന്നും യൂസഫലി ലോക കേരളസഭയില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.
നൂറിലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലായിരിക്കുന്ന ഈ സമയത്ത് ലോകകേരള സഭയില്‍ പോകാന്‍ മാത്രം വിശാലമായ മനസല്ല തങ്ങളുടേതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. മൂന്നാം ലോക കേരളസഭ യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പ്രതിഷേധം തുടരുന്നതിനാലാണ് ബഹിഷ്കരണമെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ വിലക്കില്ലെന്നും യുഡിഎഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Content Highlights: VD Satheeshan, MA Yousafali, Congress, UDF, Loka Kerala Sabha