”വാപ്പിക്ക് ചെറിയ തെറ്റ് പറ്റി, എൻറെ വാപ്പിയോട് ക്ഷമിക്കണം”; ചാരുമൂട്ടിലെ കുഞ്ഞിനെ കണ്ട് വിതുമ്പി മന്ത്രി ശിവൻകുട്ടി

ആലപ്പുഴയിലെ ചാരുംമൂട്ടിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിനിരയായ കുഞ്ഞിനെ കാണാൻ മന്ത്രി ശിവൻകുട്ടി എത്തിയിരുന്നു. ആ കുഞ്ഞുമോളെ നേരിൽ കണ്ടപ്പോൾ മനസില് ഒരുപാട് വേദന തോന്നി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ എന്നോട് സംസാരിച്ചത് എന്നാണ് മന്ത്രി പറയുന്നത്.
സംസാരിക്കുന്നതിൻറെ ഇടയിൽ, ‘വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, എന്റെ വാപ്പിയോട് ക്ഷമിക്കണം’ എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.
നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസിൽ അച്ഛനും രണ്ടാനമ്മയും ഇപ്പോൾ ഒളിവിലാണ്. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് ഒളിവിൽപ്പോയത്. ഇരുവരും ഫോൺ ഓഫാക്കിയാണ് കടന്ന് കളഞ്ഞത്. ഇവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
ഇവരുടെ വീടു പൂട്ടി ഇട്ടിരിക്കുകയാണ്. കുട്ടി അമ്മൂമ്മയോടൊപ്പം ബന്ധുവീട്ടിലാണ് ഉള്ളത്. ഈ വിഷയത്തിൽ ബാലാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യസ്കൂളിൽ പഠിക്കുന്ന കുട്ടിയെയാണ് പിതാവും രണ്ടാനമ്മയും മർദിച്ചത്. കുട്ടിയുടെ മുഖത്തുൾപ്പെടെ അടിയേറ്റ പാട് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
കുഞ്ഞിനെ സംസ്ഥാന സർക്കാർ ചേർത്തു നിർത്തുമെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടി, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാമിത്രം എന്ന പുതിയ കർമ്മപദ്ധതിയും പ്രഖ്യാപിച്ചു. വീട്ടിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര കർമ്മപദ്ധതിയാണ് സുരക്ഷാ മിത്രം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഈ വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
പദ്ധതി നടത്തിപ്പിനും പരിശീലനത്തിനുമായി ആരോഗ്യ വകുപ്പിന് കീഴിലുളള സെന്റർ ഫോർ ചൈൽഡ് ഡവലപ്മെന്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഈ കുട്ടിക്ക് അമ്മൂമ്മയുമായുള്ള അമിതമായ അടുപ്പമാണ് പിതാവും രണ്ടാനമ്മയും മർദിക്കുന്നതിലേക്കു നയിച്ചെന്നു സൂചന. രണ്ടുമാസം മുൻപാണ് കുട്ടിയും കുടുംബവും പുതിയ വീട്ടിലേക്കു താമസം മാറിയത്. അതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
കുട്ടിയുടെ പിതാവ് അൻസാറിന്റെ കുടുംബവീടിനോടു ചേർന്നുള്ള താഴത്തെ പറമ്പിലാണ് പുതിയ വീട്. മാതാപിതാക്കൾ, അൻസാറിന്റെ കുടുംബം, അനുജന്റെ കുടുംബം തുടങ്ങിയവരെല്ലാം ഒരുമിച്ചാണ് പഴയവീട്ടിൽ താമസിച്ചിരുന്നത്. അപ്പോൾ ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ വീട്ടിലേക്കു മാറിയശേഷം പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നെന്നും ബഹളം കേട്ടിരുന്നെന്നും ഇവർ പറയുന്നു.
അൻസാറിന്റെ മാതാവും കുട്ടിയും രാത്രി ഉറങ്ങാനായി പുതിയ വീട്ടിൽ പോകുമായിരുന്നു. എന്നാൽ, അൻസാറിന്റെ ഭാര്യയുമായി വഴക്കുണ്ടായതോടെ അമ്മൂമ്മ ആ വീട്ടിലേക്കു പോകാതെയായി. കുട്ടി ഉറങ്ങിയിരുന്നത് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമായിരുന്നു. എങ്കിലും അമ്മൂമ്മയുമായി കുട്ടി അടുപ്പം തുടർന്നത് ഇവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
അമ്മയില്ലാത്ത കുട്ടിയെ ഏഴുദിവസം പ്രായമുള്ളപ്പോൾ മുതൽ നോക്കിയത് ഈ അമ്മൂമ്മയായിരുന്നു. അതിനാൽ അമ്മൂമ്മയോടുള്ള അടുപ്പം കുട്ടിക്ക് ഒഴിവാക്കാനായില്ല. ഇതിനിടെ പഴയ വീട്ടിലേക്കു കുട്ടി പോയതാണ് പ്രകോപനത്തിനു കാരണമായതെന്ന് അയൽക്കാർ പറയുന്നു. ഇക്കാര്യം കുട്ടി എഴുതിവെച്ച കത്തിലും സൂചിപ്പിക്കുന്നുണ്ട്.