അടിയോടടി തന്നെ; ക്വീൻസ് വാക്ക് വേയിൽ യുവാക്കളുടെ ഏറ്റുമുട്ടൽ

കൊച്ചിയിലെ ക്വീൻസ് വാക്ക് വേയിൽ അർധരാത്രി യുവാക്കളുടെ ഏറ്റുമുട്ടൽ. പുതുവൈപ്പിനിലെ കടയിൽ നിന്ന് കൂൾ ഡ്രിങ്ക്സ് കുടിച്ചതിന്റെ പണം കൊടുക്കാത്തത് മൂലമുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിൽ മുളവുകാട് പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് പുതുവൈപ്പിൽ തുടങ്ങിയ തർക്കമാണ് നഗരമധ്യത്തിൽ സംഘർഷത്തിൽ കലാശിച്ചത്.
മർദനമേറ്റ പുതുവൈപ്പ് സ്വദേശി പ്രശാന്തിന്റെ സുഹൃത്തിന്റെ കടയിൽ നിന്ന് പ്രതികൾ കൂൾ ഡ്രിങ്ക്സ് വാങ്ങി പണം നൽകാതെ മടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതു ചോദ്യം ചെയ്തെത്തിയ പ്രശാന്തിനെ പ്രതികൾ കയ്യേറ്റം ചെയ്തു. കാറിൽ കടത്തി കൊണ്ടു പോവുകയും ചെയ്തു. തട്ടികൊണ്ടു പോയവരെ പിന്തുടർന്ന് മറ്റൊരു സംഘമെത്തിയതോടെ കൂട്ടയടിയാണ് നടന്നത്. മദ്യലഹരിയിൽ ആയിരുന്നു യുവാക്കളുടെ ഏറ്റുമുട്ടൽ.
പിന്തുടർന്നെത്തിയവരുടെ കാർ അടിച്ചുതകർത്ത പ്രതികൾ കാറിലുണ്ടായിരുന്നവരെയും ക്രൂരമായി മർദിച്ചു. പ്രശാന്തിനും സാരമായി പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത മുളവുകാട് പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. നഗരത്തിലെ രാത്രികാല പരിശോധന പോലീസിപ്പോൾ ശക്തമാക്കിയിട്ടുണ്ട്.