പത്രികാസമർപ്പണം; ജെയ്ക് ഇന്ന്, ചാണ്ടി ഉമ്മനും ലിജിനും നാളെ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് ഇന്നു രാവിലെ 11നു കോട്ടയം ആർഡിഒ ഓഫിസിലാണ് പത്രിക നൽകുന്നത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാളെ രാവിലെ 11.15 ന് പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസിൽ നാമനിർദേശ പത്രിക നൽകും. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാളെ 11ന് ഇതേ ഓഫിസിലെത്തി പത്രിക നൽകും.
കോട്ടയം ആർഡിഒ വിനോദ് രാജാണു റിട്ടേണിങ് ഓഫിസർ. പാമ്പാടി ബിഡിഒ ഇ.ദിൽഷാദാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ. രണ്ട് ഓഫിസുകളും പുതുപ്പള്ളി മണ്ഡലത്തിനു പുറത്താണ്. ഉമ്മൻ ചാണ്ടി നേരത്തേ മുതൽ പള്ളിക്കത്തോട്ടിൽ എത്തിയാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. മണ്ഡല പുനർനിർണയത്തിന് ശേഷം പള്ളിക്കത്തോട്ടിലെ ഓഫിസ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലായെങ്കിലും ഈ പതിവ് അദ്ദേഹം തുടർന്നു. ചാണ്ടി ഉമ്മനും ഇവിടെത്തെന്നെ പത്രിക നൽകും.