ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണക്കടത്ത്: ലീഗ് നേതാവിൻ്റെ മകനും സിനിമാ നിർമ്മാതാവും പിടിയിൽ

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഇബ്രാഹിംക്കുട്ടിയുടെ മകന് ഷാബിന് പിടിയില്‍. ഷാബിനു പുറമെ സിനിമാ നിര്‍മാതാവ് കെ.പി.സിറാജുദ്ദീനും കസ്റ്റംസ് പിടിയിലായി. കഴിഞ്ഞ ദിവസം ഇരുവരുടേയും വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ എ.എ.ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്.
സ്വര്‍ണ്ണക്കടത്തിലെ മകന്റെ പങ്കിനെ പറ്റി വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയെ ബുധനാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തന്റെ മകന് നിരപരാധിയാണെന്ന വാദവുമായി ഇബ്രാഹിംകുട്ടി മുന്നോട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. നേരത്തെ, സിറാജുദ്ദീന് ദുബായിലേക്ക് കടന്നുവെന്നായിരുന്നു കസ്റ്റംസ് പറഞ്ഞിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ പാഴ്സല്‍ കൈപ്പറ്റാന്‍ എത്തിയ വാഹന ഡ്രൈവര്‍ നകുലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. നകുലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിറാജുദ്ദീനിലേക്കും ഷാബിനിലേക്കും കസ്റ്റംസ് എത്തിയത്.

സിറാജുദ്ദീനും ഷാബിനും ഇതിനു മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ചുരുങ്ങിയ കാലത്തിനിടയില്‍ ബിസിനസില്‍ ഇരുവരും കൈവരിച്ച വളര്‍ച്ച സ്വര്‍ണക്കടത്തിന്റെ മറവിലായിരുന്നു എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
Content Highlight: Meat slicer gold smuggling case- Customs nabs Film producer and son of senior IUML leader