ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണക്കടത്ത്: മുസ്ലീം ലീഗ് നേതാവിൻ്റെ മകനും സിനിമാ നിർമാതാവും ഒളിവിലെന്ന് കസ്റ്റംസ്
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധമുള്ള സിനിമാ നിര്‍മാതാവും മുസ്ലീം ലീഗ് നേതാവിന്റെ മകനും ഒളിവിലെന്ന് കസ്റ്റംസ്. കഴിഞ്ഞ ശനിയാഴ്ച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
സിനിമാ നിര്‍മാതാവ് കെ.പി.സിറാജുദ്ദീനും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിനും ഇതുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് അറിയിക്കുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ പാള്‍സല്‍ കൈപ്പറ്റാന്‍ എത്തിയ വാഹന ഡ്രൈവര്‍ നകുലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. നകുലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിറാജുദ്ദീനിലേക്കും ഷാബിനിലേക്കും കസ്റ്റംസ് എത്തിയത്. സിറാജുദ്ദീന് ദുബായിലേക്ക് കടന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഇറച്ചിവെട്ട് യന്ത്രവും കേരളത്തിലേക്ക് വന്നത്.
കേസുമായി ബന്ധപ്പെട്ട് സിറാജുദ്ദീന്റെയും ഷാബിനിന്റെയും വീടുകളില്‍ കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത ലാപ്ടോപ്പുകളില് നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങല്‍ ലഭിച്ചതായി കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് പ്രിവന്റിവ് കമ്മീഷണര്‍ വി.വിവേകിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സിറാജുദ്ദീനും ഷാബിനും ഇതിനു മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ചുരുങ്ങിയ കാലത്തിനിടയില്‍ ബിസിനസില്‍ ഇരുവരും കൈവരിച്ച വളര്‍ച്ച സ്വര്‍ണക്കടത്തിന്റെ മറവിലായിരുന്നു എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
Content Highlight: Gold Smuggling using meat cutting machine- Accused film producer and kin of senior IUML leader absconding, says customs