മണിപ്പുര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം ഒരുക്കും; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ
മണിപ്പുരില്‍ വംശീയകലാപത്തെത്തുടര്‍ന്ന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല ഉപരിപഠന അവസരമൊരുക്കും. മണിപ്പുരിലെ വിദ്യാര്‍ഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ച് ചേര്‍ന്ന അടിയന്തര സിൻഡിക്കറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഇത് രാജ്യത്ത് ആദ്യമാണെന്ന് വൈസ് ചാൻസലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത മണിപ്പുര്‍ വിദ്യാര്‍ഥികള്‍ക്കാണ് അവസരം നൽകുക. താമസസൗകര്യവും സാമ്പത്തിക സഹായവും നല്‍കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ പഠനം പൂര്‍ത്തിയാക്കുന്നത് വരെ സമയം നല്‍കും. മാങ്ങാട്ടുപറമ്പ് ക്യാമ്പസ് കായികപഠനവകുപ്പിലെ എംപിഇഎസ് പ്രോഗ്രാമില്‍ ചേരുന്നതിന് ഒരു മണിപ്പുര്‍ വിദ്യാര്‍ഥി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.